പൊൻകുന്നം : പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന യു.ഡി.എഫ് ചിറക്കടവ് മണ്ഡലം യോഗത്തിൽ അഭിപ്രായ ഭിന്നത. മുസ്ലിംലീഗും, ആർ.എസ്.പിയും യോഗത്തിൽ അതൃപ്തി അറിയിച്ചതായാണ് വിവരം. മുസ്ലിംലീഗ് ചിറക്കടവിൽ 2,19 എന്നീ വാർഡുകളിലാണ് മത്സരിച്ചത്. ഇവിടെ യു.ഡി.എഫ് സ്വതന്ത്രരായി മത്സരിച്ച ഇവരുടെ സ്ഥാനാർത്ഥികൾ തോറ്റു. ജില്ലാബ്ലോക്ക് സ്ഥാനാർത്ഥികൾക്ക് ലഭിച്ചതിലും കുറവ് വോട്ടുകൾ വാർഡിലെ സ്ഥാനാർത്ഥികൾക്ക് കിട്ടിയത് ലീഗ് നേതാക്കൾ യോഗത്തിൽ അവതരിപ്പിക്കുകയും അതൃപ്തി അറിയിക്കുകയും ചെയ്തു. യോഗത്തിൽ പങ്കെടുത്ത യൂത്ത് ലീഗ് സംസ്ഥാന നേതാവ് നാസർ മുണ്ടക്കയം പ്രദേശിക യു.ഡി.എഫ് നേതത്വത്തിന്റെ അവഗണന സഹിച്ച് മുന്നോട്ട് പോകാനാവില്ലെന്ന് യോഗത്തിൽ അറിയിച്ചു. വിഷയം യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും.