
പെരുമ്പനച്ചി തോട്ടയ്ക്കാട് റോഡിൽ റീടാറിംഗ്
ചങ്ങനാശേരി: ഒടുവിൽ ദുരിതമൊഴിയുന്നു. പെരുമ്പനച്ചി തോട്ടയ്ക്കാട് റോഡിൽ ഇനി യാത്രക്കാരാരും കുഴിയിൽ വീഴില്ല. തോട്ടയ്ക്കാട് മുതൽ പെരുമ്പനച്ചി ഭാഗം വരെയുള്ള റോഡിൽ റീടാറിംഗ് ജോലികൾ പുരോഗമിക്കുകയാണ്. ഏറെക്കാലമായി അറ്റകുറ്റപ്പണികൾ നടത്താതിരുന്ന റോഡാണിത്. റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പലതവണ പരാതികളുയർന്നിരുന്നു. തുടർന്നാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. ടാറിംഗ് ഇളകി മാറി മെറ്റലും ചരലും നിറഞ്ഞ അവസ്ഥയിലായിരുന്നു റോഡ്. ഇരുചക്രവാഹനങ്ങൾ ഉൾപ്പടെ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുന്നതും നിത്യസംഭവമായിരുന്നു. മാന്നില പുളിയാങ്കുന്ന് റോഡ് മുതൽ തോട്ടയ്ക്കാട് വരെയുള്ള ഭാഗങ്ങളിലായിരുന്നു കുഴികളേറെയും. പൂർണമായും റീടാർ ചെയ്യുന്നതോടെ
റോഡിന്റെ ശോച്യാവസ്ഥയ്ക്ക് അറുതി വരുമെന്ന ആശ്വാസത്തിലാണ് പ്രദേശവാസികളും യാത്രക്കാരും.
പൈപ്പ് പൊട്ടൽ പതിവ്
പുളിയാങ്കുന്ന് റോഡിൽ പൈപ്പ് പൊട്ടൽ പതിവാണ്. അതിനാൽ ഈ ഭാഗത്ത് റോഡിന്റെ വശങ്ങൾ ഇടിഞ്ഞ നിലയിലാണ്. റോഡിൽ വഴിവിളക്കുകൾ ഇല്ലാത്തത് രാത്രികാലങ്ങളിൽ യാത്രക്കാരെ വലയ്ക്കുന്നുണ്ട്.