മണർകാട് : പൈപ്പ് പൊട്ടൽ പതിവായതോടെ മാലം പോസ്റ്റ് ഓഫീസ് റോഡ് ഇടിയുന്നു. റോഡിനു മദ്ധ്യഭാഗത്തായി കഴിഞ്ഞ ദിവസം കുഴി രൂപപ്പെട്ടിരുന്നു. റോഡിന്റെ വശങ്ങൾ ഇടിഞ്ഞു താഴാൻ തുടങ്ങിയതോടെ യാത്രക്കാർ ഭീതിയിലാണ്. റോഡിനു വീതി കുറവായതിനാൽ കുഴിയിൽ ചാടി അപകടത്തിൽപ്പെടുന്നതും പതിവാണ്. നാട്ടുകാർ ചേർന്ന് കുഴിയിൽ മരക്കമ്പുകളും വാഴയും നട്ട് അപായ സൂചന നല്കിയിട്ടുണ്ട്. കുട്ടികളും പ്രായമായവരും ഉൾപ്പെടെ നിരവധി പേരാണ് ഇതുവഴി സഞ്ചരിക്കുന്നത്. അടിയന്തിരമായി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.