പാലാ : പാലായിൽ കടുത്ത ആശങ്ക ഉയർത്തി ഒറ്റ ദിവസം കൊണ്ട് നാനൂറോളം കൊവിഡ് രോഗികൾ. ഇന്നലെ 267 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതീവ ഗുരുതരമായ സ്ഥിതി വിശേഷം കണക്കിലെടുത്ത് ആരോഗ്യവകുപ്പിന്റെ വിദഗ്ദ്ധ ഡോക്ടർമാർ ഉൾപ്പടെയുള്ള സംഘം പാലാ ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ഊർജിതമാക്കി. രോഗം ബാധിച്ച് പാലാ മരിയസദനത്തിലെ അന്തേവാസിയായ കൊടുങ്ങല്ലൂർ സ്വദേശി രാജീവ് (53) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. നാനൂറിൽപ്പരം അന്തേവാസികളുള്ള മരിയസദനത്തിലെ 367 പേർക്ക് രോഗം ബാധിച്ചു. ഇതിന് പുറമെ പാലാ നഗരസഭ, ഭരണങ്ങാനം, ഉള്ളനാട്, മുത്തോലി, കരൂർ, പൈക, രാമപുരം എന്നിവിടങ്ങളിലായി മുപ്പതോളം പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മരിയ സദനത്തിലെ അന്തേവാസികളിൽ ഭൂരിഭാഗം പേരും മാനസികശാരീരിക വെല്ലുവിളികൾ നേരിടുന്നവരാണ്. മരിയസദനത്തിലെ മിക്കവർക്കും രോഗം പിടിപെട്ടതോടെ ഇവിടെ ഭക്ഷണം പാകം ചെയ്യുന്നതിനും വിളമ്പിനൽകുന്നതിനും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. മുണ്ടാങ്കൽ പള്ളികേന്ദ്രീകരിച്ചും മറ്റ് ചില സാമൂഹിക സംഘടനകളും സുമനസുകളായ ചില വ്യക്തികളും ഭക്ഷണം പാകമാക്കി മരിയ സദനത്തിന്റെ കവാടത്തിലെത്തിച്ച് തരുന്നുണ്ടെന്ന് ഡയറക്ടർ സന്തോഷ് ജോസഫ് പറഞ്ഞു. അന്തേവാസികളുടെ ഭക്ഷണ വിതരണവും മറ്റും
കാര്യക്ഷമമാക്കണമെങ്കിൽ കൂടുതൽ സന്നദ്ധ സേവകരുടെ സഹായം വേണം.
പ്രത്യേക മെഡിക്കൽസംഘം
പാലാ ജനറൽ ആശുപത്രിയിൽ നിന്ന് പ്രത്യേകം മെഡിക്കൽ സംഘമെത്തിയാണ്
മരിയസദനത്തിലെ ചികത്സകൾ ഏകോപിപ്പിക്കുന്നത്. രോഗം കലശലായി ബാധിച്ച 2
പേരെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. പാലായിലും പരിസരപ്രദേശങ്ങളിലും കടുത്ത ആശങ്ക നിലനിൽക്കുന്നതിനാൽ ആളുകൾ വേണ്ടത്ര ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പധികൃതർ മുന്നറിയപ്പ് നൽകിയിട്ടുണ്ട്. ആളുകൾ കൂട്ടം കൂടുന്നത് കർശനമായി
ഒഴിവാക്കണം.
ഒരു വീട്ടിലെ 8 പേർക്ക് രോഗം
രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഓന്തുംകുന്ന് ഭാഗത്ത് ഒരു വീട്ടിലെ 8 പേർക്ക് രോഗം ബാധിച്ചതായി ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. ഇവിടെ ഒരു സംസ്‌കാരചടങ്ങിൽ പങ്കെടുത്ത നാൽപ്പതോളം പേരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇവരിൽ രോഗലക്ഷണങ്ങളുള്ള 20 ഓളം പേരുടെ ആന്റിജൻ ടെസ്റ്റ് ഇന്ന് നടക്കും.
കടുത്ത നടപിടിയുമായി പൊലീസ്
രോഗ ഭീഷണി നിലനിൽക്കുന്നതിനാൽ മാസ്‌കില്ലാതെ പുറത്തിറങ്ങുന്നവർക്കെതിരേയും സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. പാലായിലെ പ്രത്യേക സ്ഥിതിവിശേഷം കണക്കിലെടുത്ത് കൂടുതൽ ഡോക്ടർമാരെ പാലാ ജനറൽ ആശുപത്രിയിലേക്ക്
നിയോഗിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.