പാലാ : നഗരസൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി പാലാ നഗരത്തിൽ സ്ഥാപിച്ച അമിനിറ്റി സെന്ററും കെട്ടിടവും കാടുകയറുന്നു. നഗരത്തെ ടൂറിസം ഹബായി ഉയർത്തുന്നതിന്റെ ഭാഗമായാണ് കെട്ടിടവും മനോഹരമായ തൂക്കുപാലവും നിർമ്മിച്ചത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞതോടെ പദ്ധതി പ്രദേശത്തേക്ക് വകുപ്പും ഉദ്യോഗസ്ഥരും നഗരസഭയും തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്. കെട്ടിടവും ഇൻഫോർമേഷൻ ഓഫീസും ആഴ്ചകളായി അടഞ്ഞുകിടക്കുകയാണ്. തൂക്കുപാലത്തിലൂടെ ആളുകൾക്ക് നടക്കാനുള്ള അനുവാദമുണ്ടെങ്കിലും മറുകരയുള്ള കാഴ്ചകളെല്ലാം അടഞ്ഞു കിടക്കുകയാണ്. ലണ്ടൻ പാലത്തിന്റെ മാതൃകയിലുള്ള തൂക്കുപാലവും ന്യൂയോർക്കിലെ ഗ്ലാസ് കെട്ടിടത്തിന്റെ മാതൃകയിലുമാണ് ഇവിടുത്തെ ആകർഷണം. ഇവയെല്ലാം അടച്ചിട്ടിരിക്കുന്നതിനാൽ സഞ്ചാരികളോ നാട്ടുകാരോ ഇവിടേക്ക് എത്തുന്നില്ല. സെന്ററിലെ പാർക്ക് കാട് പിടിച്ച് തുടങ്ങി. ഗ്രീൻടൂറിസം പദ്ധതിയിൽപെടുത്തിയാണ് മാസങ്ങൾക്ക് മുൻപ് തൂക്കുപാലം നിർമ്മിച്ചത്. നഗര ഹൃദയത്തിൽ മീനച്ചിലാറും ളാലം തോടും സംഗമിക്കുന്ന ടൗൺ ബസ് സ്റ്റാൻഡിനു സമീപമാണ് തൂക്കുപാലം മാതൃകയിലുള്ള ഇരുമ്പുപാലം സജ്ജമാക്കിയത്. പാലായിലെ പ്രശസ്തമായ കുരിശുപള്ളിയുടെ മാതൃകയിലാണ് പാലത്തിന്റെ പ്രവേശന കവാടം. വിശ്രമിക്കാനായി ഇരിപ്പിടങ്ങളും നടക്കാനായി വാക്ക് വേയും തയ്യാറാക്കി. മീനച്ചിലാറും ളാലം തോടും സംഗമിക്കുന്നിടത്ത് വ്യു പോയിന്റുമുണ്ട്.