rd

മണർകാട്: മണർകാട് - മാലം പോസ്റ്റ് ഓഫീസ് റോഡ് ഇടിയുന്നു. പൈപ്പ് പൊട്ടൽ പതിവായതോടെ റോഡും ഇടിഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് വെള്ളം എല്ലായിടത്തേക്കും എല്ലാ ദിവസവും പമ്പ് ചെയ്തിരുന്നു. അതിനാൽ വെള്ളം കടന്നുപോകുന്ന പൈപ്പിലുണ്ടായ ലീക്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെടാതിരുന്നതും വ്യാപകമായി വെള്ളം പോകുന്നതിന് ഇടയാക്കി. പൈപ്പ് പൊട്ടലിന്റെ ഫലമായി റോഡിനു മദ്ധ്യഭാഗത്തായി കഴിഞ്ഞ ദിവസം കുഴി രൂപപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ റോഡിന്റെ പലഭാഗത്തായി കുഴികൾ രൂപപ്പെട്ട നിലയിലാണ്. ഇതുകൂടാതെയാണ് റോഡിന്റെ വശങ്ങൾ ഇടിഞ്ഞു താഴുന്നതും. റോഡിനു വീതി കുറവായതിനാൽ കുഴിയിൽ ചാടി അപകടത്തിൽപ്പെടുന്നതിനും ഇടയാക്കുന്നു. നാട്ടുകാർ ചേർന്ന് കുഴിയിൽ മരക്കമ്പുകളും വായും നട്ട് അപായ സൂചനയും നല്കിയിട്ടുണ്ട്. കുട്ടികളും പ്രായമായവരും ഉൾപ്പെടെ നിരവധി പേരാണ് ഇതുവഴി സഞ്ചരിക്കുന്നത്. കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു.