
കോട്ടയം: ഇടുക്കി വാഗമണിലെ സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടി നടത്തിയത് മുംബയ് അധോലോക സംഘമാണെന്നതിന് പൊലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചു. റിസോർട്ടിൽ ഇന്നലെ രാത്രി 8.30ന് ആരംഭിച്ച റെയ്‌ഡ് ഇപ്പോഴും തുടരുകയാണ്. 25 സ്ത്രീകളടക്കം 60 പേരാണ് പാർട്ടിയിൽ പങ്കെടുക്കാനെത്തിയത്. ഇവരിൽ നിന്ന് ഹെറോയിൻ, ഗം, കഞ്ചാവ്, എൽ.എസ്.ഡി സ്റ്റാമ്പ് ഉൾപ്പെടെയുളള മയക്കുമുരുന്നുകൾ കണ്ടെത്തി. മയക്കുമരുന്ന് കൈയിൽ സൂക്ഷിച്ചിരുന്ന ഒരു സ്ത്രീയും സംഘാടകരും ഉൾപ്പെടെ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. മലയാള സിനിമയിലെ ഒരു സംവിധായകനും പാർട്ടിക്ക് എത്തിയിരുന്നു.
വാഗമൺ വട്ടപ്പാതയിലെ ''ക്ലിഫ് ഇൻ'' റിസോർട്ടിലാണ് നിശാപാർട്ടി നടന്നത്. സി.പി.ഐ പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. ജില്ലാ പൊലീസ് ചീഫ് ആർ. കറുപ്പസ്വാമിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എ.എസ്.പി എസ്. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഒരാഴ്ചയായി റിസോർട്ടും പരിസരവും നിരീക്ഷണ വലയത്തിലാക്കിയിരുന്നു. അതിനുശേഷമാണ് ഇന്നലെ റെയ്ഡ് നടന്നത്.
മുംബയ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സംഘം ഒരു ദിവസത്തേക്ക് റിസോർട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് വിവിധ സ്റ്റേഷനുകളിലെ സി.ഐമാരെയും ഡിവൈ.എസ്.പി മാരെയും വിളിച്ചുവരുത്തി വളരെ രഹസ്യമായാണ് അമ്പതോളം വരുന്ന പൊലീസ് സംഘം റിസോർട്ട് വളഞ്ഞത്. റിസോർട്ടിലേക്ക് പൊലീസ് കയറുന്നത് സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞെങ്കിലും പൊലീസ് അവരെ തള്ളിമാറ്റി ഇരച്ചുകയറുകയായിരുന്നു. അപ്പോൾ തന്നെ പലരും ലഹരിയിലായിരുന്നുവെന്ന് പറയുന്നു.
സംഘം സോഷ്യൽ മീഡിയ വഴിയും ആളുകളെ സംഘടിപ്പിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നു മാത്രമല്ല പല മെട്രോപൊളിറ്റൻ സിറ്റികളിൽ നിന്നുള്ളവരും നിശാപാർട്ടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇത്രയും കൂടുതൽ സ്ത്രീകൾ എങ്ങനെയാണ് നിശാപാർട്ടിക്ക് എത്തിയതെന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാധാരണ ഇത്രയും സ്ത്രീകൾ നിശാപാർട്ടിക്ക് എത്താറില്ല. അതാണ് പൊലീസിനെ അമ്പരിപ്പിച്ചത്. മയക്കുമരുന്നുകൾ കൈവശം വച്ചവരെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളു.
റൂമെടുത്തത് ജന്മദിന പാർട്ടിക്കായി
ജന്മദിന പാർട്ടി ആഘോഷങ്ങൾക്കെന്ന പേരിലാണ് റിസോർട്ട് എടുത്തതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. മൂന്ന് റൂം മാത്രമാണ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ കൂടുതൽ ആളുകൾ എത്തുകയായിരുന്നു. ആളുകളുടെ എണ്ണം കൂടിയപ്പോൾ എതിർത്തതായി റിസോർട്ട് ഉടമ പൊലീസിന് പരാതി നൽകി. പാർട്ടി നടത്തിയത് സ്വകാര്യ വ്യക്തികളാണെന്ന് പൊലീസ് വ്യക്തമാക്കി. അതിനിടെ റിസോർട്ടിലേക്ക് പ്രതിഷേധവുമായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി. മാർച്ച് റിസോർട്ടിന് മുന്നിൽ പൊലീസ് തടഞ്ഞു. കേസ് ഒതുക്കാൻ പൊലീസ് ശ്രമിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു. പിടികൂടിയ ലഹരിമരുന്നിന്റെ അളവ് കുറച്ച് കാണിക്കാൻ ശ്രമിക്കുന്നതായും റിസോർട്ട് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് പാർട്ടികൾക്ക് സി.പി.എം- സി.പി.ഐ നേതാക്കളുടെ ഒത്താശയുണ്ടെന്നും ഇബ്രാഹിംകുട്ടി ആരോപിച്ചു.