
കോട്ടയം: മൂന്നാറിൽ മഞ്ഞുമൂടി. ഇതോടെ സഞ്ചാരികളുടെ ഒഴുക്കായി. ഇതോടെ കഴിഞ്ഞ പത്ത് മാസക്കാലമായി വറുതിയിലായ ഹോട്ടലുകളും ടൂറിസ്റ്റ് ഹോമുകളും ഉഷാറിലായി. ഒട്ടുമിക്ക ടൂറിസ്റ്റ് ഹോംസ്റ്റേകളും സഞ്ചാരികളെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു. 3,000ലധികം സഞ്ചാരികൾ ഇന്നലെ മൂന്നാറിലെത്തിയിട്ടുണ്ടെന്നാണ് ഏകദേശക്കണക്ക്. പലരും തിരക്കുണ്ടാകാൻ സാദ്ധ്യതയുള്ള ഇടങ്ങളും റോഡുകളും ഒഴിവാക്കിയാണ് ഇത്തവണ യാത്ര ചെയ്യുന്നത്.
അതിരാവിലെ തന്നെ മൈനസ് കാലാവസ്ഥയിൽ തണുപ്പ് ആസ്വദിക്കാൻ ടൂറിസ്റ്റുകൾ മൂന്നാർ ടൗണിൽ ചുറ്റിക്കറങ്ങിത്തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസും ടൗണിൽ റോന്തുചുറ്റുന്നുണ്ട്. ഉത്തരേന്ത്യൻ സഞ്ചാരികളും കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, കാസർകോട്, കണ്ണൂർ മേഖലകളിൽ നിന്നും എത്തുന്നവരാണ് ഏറെയും.
മൂന്നാറിൽ എത്തുന്നവർ രാജമലയിലെത്തി വരയാടുകളെ കണ്ടിട്ടേ മടങ്ങുകയുള്ളു. കഴിഞ്ഞ ശനിയാഴ്ച 1700 പേരാണ് ഇരവികുളം ദേശീയോദ്യാനത്തിലെത്തിയത്. കേരളത്തിനുള്ളിൽ നിന്നുള്ളവരാണ് ഇരവികുളത്ത് ഇപ്പോൾ എത്തുന്നതെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ.ലക്ഷ്മി പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് ദേശീയ ഉദ്യാനത്തിലേക്ക് സഞ്ചാരികളെ കടത്തിവിടുന്നത്. വരയാടുകളുടെ സംരക്ഷണത്തിനായി വലിയ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രാജമലയുടെ പ്രവേശന കവാടമായ അഞ്ചാം മൈലിൽ സഞ്ചാരികളെ പരിശോധിച്ച ശേഷം വനംവകുപ്പിന്റെ വാഹനത്തിലാണ് രാജമലയിലേക്ക് കൊണ്ടുപോവുന്നത്.