vega

കോട്ടയം: കായലോളങ്ങളിലൂടെ കുതിക്കുന്ന ജലഗതാഗത വകുപ്പിന്റെ വേഗ-2 എ.സി ബോട്ടിന്റെ ട്രയൽ റൺ വിജയിച്ചതോടെ 24 മുതൽ സർവീസ് തുടങ്ങും. ഒരേ സമയം യാത്രാ ബോട്ടായും വിനോദ സഞ്ചാര ബോട്ടായും ഉപയോഗിക്കുന്ന വേഗ ആലപ്പുഴ -കോട്ടയം റൂട്ടിലാണ് സർവീസ്.

ഇന്നലെ ഉച്ചയോടെയായിരുന്നു വേമ്പനാട്ട് കായലിലെ പരീക്ഷണ ഓട്ടം. കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുമായാണ് സർവീസ് നടത്തിയത്. ആദ്യത്തെ ഒരാഴ്ച പാസഞ്ചർ ബോട്ട് മാത്രമായാണ് ഉപയോഗിക്കുന്നത്. ഭക്ഷണം വിതരണംചെയ്യുന്നത് കുടുംബശ്രീയാണ്. ഇതിനായി പ്രത്യേക കൗണ്ടറുമുണ്ട്.

ആലപ്രഴ -കോട്ടയം റൂട്ടിനൊപ്പം എറണാകുളം വൈക്കം റൂട്ടിലുള്ള വേഗ എ.സി ബോട്ടിന്റെ സർവീസും പുനരാരംഭിക്കും. ലോക്ഡൗണിലാണ് ഈ സർവീസ് നിർത്തിയത്. വേഗ 2 ബോട്ടിന്റെ ഉദ്ഘാടനം നേരത്തെ കഴിഞ്ഞതാണെങ്കിലും കൊവിഡ് കാരണം സർവീസ് തുടങ്ങാൻ സാധിച്ചിരുന്നില്ല. 120 പേർക്ക് ബോട്ടിൽ യാത്ര ചെയ്യാം. 40 സീറ്റ് എ.സിയും 80 സീറ്റ് നോൺ എ.സിയുമാണ്. കോട്ടയത്ത് നിന്ന് രാവിലെ 7.30ന് പുറപ്പെടുന്ന ബോട്ട് 8.30ന് ആലപ്പുഴയിൽ എത്തും. വൈകിട്ട് 5.30ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് 7.30ന് തിരികെ കോട്ടയത്ത് എത്തും. ആലപ്പുഴയ്ക്കും കോട്ടയത്തിനുമിടയിൽ പുഞ്ചിരി, മംഗലശേരി, കമലന്റെ മൂല, കൃഷ്ണൻകുട്ടി മൂല, പള്ളം എന്നിങ്ങനെ 5 സ്‌റ്റോപ്പുകളാണ് ഉള്ളത്.

'' ജലഗതാഗത വകുപ്പിന്റെ അഭിമാന പദ്ധതിയാണ്. വിനോദ സഞ്ചാര മേഖലയ്ക്കും പുത്തൻ ഉണർവാകും. സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ ആഡംബര കായൽ യാത്രയാണ് വേഗ ഒരുക്കുന്നത്. മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയായി

- ഷാജി വി.നായർ, ജലഗതാഗത വകുപ്പ് ഡയറക്ടർ