കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഏറ്റവും മുതിർന്ന അംഗം ആദ്യം വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് ഈ അംഗം മറ്റുള്ളവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്കുശേഷം അംഗങ്ങളുടെ ആദ്യ യോഗം നടന്നു.

കൊവിഡ് പ്രതിരോധ മുൻകരുതലുകൾ പാലിച്ചായിരുന്നു ചടങ്ങുകൾ. കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. വരണാധികാരിയായ ജില്ലാ കളക്ടർ എം. അഞ്ജന മുതിർന്ന അംഗം രാധാ വി.നായർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കൊവിഡ് ക്വാറന്റയിനിൽ കഴിയുന്ന പുതുപ്പള്ളി ഡിവിഷൻ അംഗം നിബു ജോൺ മറ്റ് അംഗങ്ങൾ ഹാൾ വിട്ടശേഷം പിപിഇ കിറ്റ് ധരിച്ചെത്തിയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. എ.ഡി.എം അനിൽ ഉമ്മനും ചടങ്ങിൽ സന്നിഹിതനായിരുന്നു.

മുനിസിപ്പാലിറ്റികളിൽ മോളിക്കുട്ടി സെബാസ്റ്റ്യൻ(കോട്ടയം), കെ.ആർ. പ്രകാശ് (ചങ്ങനാശേരി) വി.എസ് വിശ്വനാഥൻ(ഏറ്റുമാനൂർ), ജോസ് എടയത്ത്(പാലാ),പി.എം. അബ്ദുൾ ഖാദർ(ഈരാറ്റുപേട്ട), ബി. ചന്ദ്രശേഖരൻ(വൈക്കം) എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. പള്ളം ബ്ലോക്ക് പഞ്ചായത്തിൽ നീറിക്കാട് ഡിവിഷനിൽ നിന്നുള്ള ലിസമ്മ ബേബിയാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. ഉപവരണാധികാരിയായ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജെയ്‌മോൻ എബ്രഹാം സത്യവാചകം ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിൽ ജോർജ് വി.സി ഇലഞ്ഞിക്കൽ (അയർക്കുന്നം ), ഡോ. ശാന്തമ്മ ഫിലിപ്പോസ് (പുതുപ്പള്ളി), പി.കെ മോഹനൻ (പനച്ചിക്കാട്), ഷൈലജ സോമൻ (കുറിച്ചി) , സുരേഷ് ബാബു (വിജയപുരം) എന്നിവരാണ് ആദ്യം പ്രതിജ്ഞ ചൊല്ലിയത്.

വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ കൊടുങ്ങൂർ ഡിവിഷനിൽ നിന്നുള്ള ഗീത എസ്. പിള്ളയാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. വരണാധികാരിയായ ജില്ലാ സപ്ലൈ ഓഫീസർ ഉണ്ണികൃഷ്ണകുമാർ സി.എസ്. സത്യവാചകം ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിൽ അഡ്വ.ജയ ശ്രീധർ (ചിറക്കടവ്), അന്ത്രേയോസ് ( കങ്ങഴ) , കെ.എൻ ശശീന്ദ്രൻ (നെടുംകുന്നം), കെ.കെ ആനന്ദവല്ലി (വെള്ളാവൂർ), പ്രഫ . എസ്. പുഷ്‌ക്കലാ ദേവി (വാഴൂർ), അന്നമ്മ വർഗീസ് (കറുകച്ചാൽ) എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്.

പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ പാമ്പാടി ഡിവിഷനിൽ നിന്നുള്ള പി.എം.മാത്യു ചേന്നേപ്പറമ്പിലിന് വരണാധികാരിയായ സർവേ ഡപ്യൂട്ടി ഡയറക്ടർ ആർ.അനിൽകുമാർ സത്യ വാചകം ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്തുകളിൽ ബെന്നി വടക്കേടം (അകലക്കുന്നം), കെ.എം.ചാക്കോ(എലിക്കുളം), എം.ജി. നാരായണൻ നായർ (കൂരോപ്പട ), കെ.കെ.വിപിനചന്ദ്രൻ (പളളിക്കത്തോട് ), പി. ഹരികുമാർ (പാമ്പാടി), രമണി ശശിധരൻ (മീനടം), തോമസ് മാളിയേക്കൻ (കിടങ്ങൂർ), മറിയാമ്മ തോമസ് (മണർകാട്) എന്നിവർ ആദ്യം സത്യ പ്രതിജ്ഞ ചൊല്ലി.

അദ്ധ്യക്ഷൻമാരുടെയും ഉപാധ്യക്ഷൻമാരുടെയും തിരഞ്ഞെടുപ്പ് മുനിസിപ്പാലിറ്റികളിൽ ഡിസംബർ 28നും ത്രിതല പഞ്ചായത്തുകളിൽ ഡിസംബർ 30നും നടക്കും.