
കോട്ടയം: വാഗമണ്ണിൽ കോടികളുടെ ലഹരി മരുന്നുകൾ എത്തിച്ചു നൽകിയത് ആർപ്പൂക്കര, കുടമാളൂർ കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘങ്ങൾ. തമിഴ്നാട്ടിൽ നിന്നും ബംഗളൂരുവിൽ നിന്നുമാണ് എൽ.എസ്.ഡി അടക്കമുള്ള വീര്യം കൂടിയ ലഹരി മരുന്നുകൾ എത്തിച്ചത്. സംഭവത്തിൽ ഇടുക്കി പൊലീസും ജില്ലാ പൊലീസും സംയുക്തമായ അന്വേഷണം നടത്തും.
ലോക്ക് ഡൗണിനു ശേഷം ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന ടെക്കികളിൽ പലരും വർക്ക് അറ്റ് ഹോം എന്ന പേരിൽ ജില്ലയിലേയ്ക്കു ചേക്കേറിയതോടെയാണ് വീര്യം കൂടിയ ലഹരിമരുന്നുകൾക്ക് ജില്ലയിൽ ആവശ്യക്കാർ ഏറിയത്. നേരത്തെ 150 രൂപയ്ക്കു വരെ ജില്ലയിൽ വിറ്റിരുന്ന എൽ.എസ്.ഡി സ്റ്റാമ്പിന് ഇപ്പോൾ 1500 രൂപവരെയാണ് ഈടാക്കുന്നത്. ലഹരി കടത്തുന്നതിനു വേണ്ടി മാസത്തിൽ രണ്ടു തവണയെങ്കിലും സംസ്ഥാനത്തിന് പുറത്തേയ്ക്ക് വിനോദ യാത്ര എന്ന പേരിൽ മാഫിയ സംഘം ട്രിപ്പ് സംഘടിപ്പിക്കും. തിരികെ വരുമ്പോൾ വാഹനത്തിന്റെ അടിയിൽ രഹസ്യ അറയുണ്ടാക്കി അതിൽ വീര്യം കൂടിയ മരുന്നുകൾ കടത്തും. എന്നാൽ പൊലീസിനോ നർക്കോട്ടിക് വിഭാഗത്തിനോ ഇതൊന്നും കണ്ടെത്താൻ കഴിയാറില്ല.
കണ്ടാൽ വെറും ഗുളിക
കണ്ടാൽ നിരുപദ്രവകരം എന്നു തോന്നുന്ന വീര്യം കൂടിയ ലഹരി മരുന്നുകളാണ് എൽ.എസ്.ഡിയും നൈട്രോസെപ്പാം ഗുളികകളും. ചെറിയൊരു സ്റ്റാമ്പിനു സമമാണ് എൽ.എസ്.ഡി. ഈ സ്റ്റാമ്പ് നാവിൽ തൊട്ടാൽ 3 ദിവസം വരെ വീര്യം നിലനിൽക്കും. മാജിക് മഷ്റൂം എന്ന പേരിലുള്ള അതീവ വീര്യമേറിയ ലഹരിമരുന്നും എത്തുന്നുണ്ട്.
വാഗമണ്ണിൽ ലഹരിപാർട്ടി പിടിച്ച സാഹചര്യത്തിൽ ജില്ലയിൽ പരിശോധന ശക്തമാക്കും. ലഹരി വിരുദ്ധ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വിനോദ് പിള്ള, ഡിവൈ.എസ്.പി,
നർക്കോട്ടിക് സെൽ