ed

 മിക്കവർക്കും ബിനാമി പേരിൽ വൻ സ്വത്ത്
 പൊതുപ്രവർത്തനമല്ലാതെ മറ്റു തൊഴിലില്ല

 പരാതി നൽകിയത് ആംആദ്മി കൺവീനർ

കോട്ടയം: കോട്ടയത്തെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വരുമാനത്തിൽ കവിഞ്ഞ സ്വത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ് മെന്റ് വകുപ്പിന് (ഇ.ഡി) പരാതി. ആംആദ്മി കൺവീനറും പൊതു പ്രവർത്തകനുമായ കെ.എസ് പത്മകുമാറാണ് പരാതി നൽകിയത്. സി.പി.എം, സി.പി.ഐ, കോൺഗ്രസ്, വിവിധ കേരള കോൺഗ്രസ് ഗ്രൂപ്പുകൾ, ബി.ജെ.പി അടക്കം രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ , എം.പി, എം.എൽ.എ , വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങൾ,വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, വിവിധ സമുദായ നേതാക്കൾ തുടങ്ങിയവരുടെ ഇരുപതു വർഷക്കാലത്തെ സ്വത്ത് അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നാമനിർദ്ദേശ പത്രികക്കൊപ്പം നൽകുന്ന സത്യവാങ്ങ് മൂലത്തിൽ തങ്ങളുടെ സ്വത്തു സംബന്ധിച്ച കൃത്യവിവരം നൽകാറില്ല. ഇത് പിന്നീട് പരിശോധിക്കാറുമില്ല. ബിനാമി പേരിലാണ് മിക്ക നേതാക്കളുടെയും സ്വത്തുക്കൾ. വിവിധ മുന്നണികൾ സംസ്ഥാനം ഭരിച്ചിരുന്നപ്പോൾ പ്രാദേശിക തലത്തിൽ പാർട്ടി നേതാക്കൾ സമ്പാദിച്ച സ്വത്തുക്കളുടെ വിവരവും ലഭ്യമല്ല. ഇതെല്ലാം വിശദമായി പരിശോധിക്കണം.

ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, പഞ്ചായത്ത് സെക്രട്ടറിമാർ, ലോക്കൽ ബോഡി എൻജിനീയർമാർ, പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ, കെ.എസ്. ഇ.ബി എൻജിനീയർമാർ, വാട്ടർ അതോറിറ്റി എൻജിനീയർമാർ, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് , മലിനീകരണ നിയന്ത്രണ ബോർഡ് ഇന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ജോലിക്കു കയറുമ്പോഴും ഇപ്പോഴുമുള്ള സ്വത്തുക്കൾ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

അന്നത്തെ ദരിദ്രർക്ക് ഇന്ന്

കോടികളുടെ ആസ്തി

ജില്ലാതലം മുതലുള്ള നേതാക്കൾക്ക് പൊതു പ്രവർത്തനമല്ലാതെ മറ്റു തൊഴിലുകളില്ല. രാഷ്ട്രീയത്തിൽ പ്രവേശിക്കുമ്പോൾ ദരിദ്രരായിരുന്ന പലരും ഇപ്പോൾ കോടികളുടെ ആസ്തിയുള്ളവരായി മാറി. ഭൂമാഫിയ, റിസോർട്ട് മാഫിയ, ബ്ലേഡ് മാഫിയ ബിനാമികളായി മാറിയ പലർക്കും സ്വന്തമായി പാറമടകളും മറ്റു വ്യവസായ സ്ഥാപനങ്ങളുമുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും വൻ ഭൂസ്വത്തും എസ്റ്റേറ്റുകളുമുണ്ട്. നിരവധി ആഡംബര വാഹനങ്ങളും ടോറസും ടിപ്പറും ബിനാമി പേരിൽ കോടികൾ വില വരുന്ന വീടുകളും ഫ്ലാറ്റും വില്ലകളുമുണ്ട്. ഇതെല്ലാം കുറഞ്ഞ കാലത്തെ രാഷ്ട്രീയ പ്രവർത്തനം കൊണ്ടുണ്ടാക്കിയതാണെങ്കിലും വരുമാന സ്രോതസ് വെളിപ്പെടുത്തി കൃത്യമായ നികുതി ആരും അടക്കുന്നില്ലെന്ന് രേഖകൾ സഹിതം ഇ.ഡിക്ക് നൽകിയ പരാതിയിൽ പറയുന്നു. ആദായ നികുതി അടക്കാതെ കാലങ്ങളായി ഇവർ നടത്തുന്ന വെട്ടിപ്പുും അന്വേഷിക്കണം.