
ഡി.ജി.പി. നൽകിയ കാലയളവ് അവസാനിപ്പിച്ചു
എസ്.പിയുടെ വിവാദ ഉത്തരവ് വീണ്ടും പ്രാബല്യത്തിൽ:
കട്ടപ്പന: ഡി.ജി.പി. വാക്കാൽ നൽകിയ കാലയളവ് അവസാനിച്ചതോടെ ജില്ലയിലെ പൊലീസ് കാന്റീനുകളിൽ നിന്നും വീണ്ടും പൊതുജനങ്ങൾ പുറത്ത്. നവംബർ 26ന് ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി ഉത്തരവ് പുറത്തിറക്കിയപ്പോൾ ജനരോഷം ഉയർന്ന സാഹചര്യത്തിലാണ് ഡിസംബർ ഒന്നുമുതൽ 20 വരെ തൽസ്ഥിതി തുടരാൻ ഡി.ജി.പി. നിർദേശിച്ചത്. എന്നാൽ വിവാദ ഉത്തരവ് പിൻവലിച്ചിരുന്നില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ തുടർന്ന് തുടർനടപടികൾ നിലച്ചതോടെ ഇന്നലെ മുതൽ ഉത്തരവ് പ്രാബല്യത്തിലായി. ഇതോടെ കാന്റീനുകളുടെ സേവനം പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമായി മാറി. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് അസോസിയേഷൻ, ജില്ലാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എന്നീ സംഘടനകൾ മന്ത്രി എം.എം. മണിക്ക് നിവേദനം നൽകിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും സൂചനയുണ്ട്.
ജില്ലയിൽ തൊടുപുഴ, കട്ടപ്പന, മൂന്നാർ, അടിമാലി, പീരുമേട്, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് ജനമൈത്രി പൊലീസ് കാന്റീനുകൾ പ്രവർത്തിക്കുന്നത്. പൊതുജനങ്ങളും പൊലീസും അടുത്തിടപഴകുന്ന സ്ഥാപനമെന്ന നിലയിൽ പൊലീസ് കാന്റീനുകൾക്ക് വൻ സ്വീകാര്യതയാണ്ലഭിച്ചിരുന്നത്. ഇന്നലെ രാവിലെ മുതൽ ഭക്ഷണം കഴിക്കാനെത്തിയ നൂറുകണക്കിനാളുകൾ നിരാശരായി മടങ്ങി. ഇപ്പോൾ അതാതു സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഭക്ഷണം തയാറാക്കുന്നത്. വിവാദ ഉത്തരവിനെതിരെ പൊലീസ് സേനയ്ക്കുള്ളിലും വലിയ പ്രതിഷേധമാണ്.
യാതൊരു കാരണവുമില്ലാതെ പൊതുജനങ്ങളെ കാന്റീനിൽ പ്രവേശിപ്പിക്കുന്നത് വിലക്കി നവംബർ 26നാണ് ജില്ലാ പൊലീസ് മേധാവി ഉത്തരവ് പുറത്തിറക്കിയത്. പിന്നീട് ജനരോഷമുയർന്നതോടെ 29ന് അതാത് കാന്റീനുകളുടെ ചുമതലയുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ തിരുവനന്തപുരം പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലേക്കു വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് തൽസ്ഥിതി തുടരാൻ ഡി.ജി.പി. നിർദേശിച്ചത്. കൂടാതെ എറണാകുളം റേഞ്ച് ഡി.ഐ.ജി. കാളീരാജ് മഹേഷ്‌കുമാറിനോട് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിനെ തുടർന്ന് തുടർനടപടി വൈകുകയായിരുന്നു. ഡി.ഐ.ജി. കഴിഞ്ഞദിവസം റിപ്പോർട്ട് നൽകിയതായാണ് വിവരം.
ഇടത്തരക്കാർക്ക് ആശ്വാസമേകിയ കാന്റീൻ
പ്രധാന ടൗണുകളിൽ ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്താൻ കാന്റീനുകളുടെ മെച്ചപ്പെട്ട സേവനത്തിലൂടെ കഴിഞ്ഞിരുന്നു. കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള ഭക്ഷണം കഴിക്കാവുന്ന സ്ഥാപനം എന്ന നിലയിൽ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കാന്റീനുകളെയാണ് ദിവസവും ആശ്രയിക്കുന്നത്. ജനത്തിരക്കേറിയതോടെ ജില്ലാ പൊലീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നു വായ്പയെടുത്താണ് ഏതാനും വർഷങ്ങൾക്കിടയിൽ ഭൂരിഭാഗം കാന്റീനുകളുകളും പുതുക്കിപ്പണിതത്. 2018ൽ 39 ലക്ഷം രൂപ വായ്പയെടുത്താണ് കട്ടപ്പനയിലെ കാന്റീൻ മോടിപിടിപ്പിച്ചത്. കൂടാതെ ഇവിടുന്നുള്ള വരുമാനത്തിൽ നിന്നു മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കു ഒരു ലക്ഷത്തിലധികം രൂപയും സംഭാവനയായി നൽകിയിരുന്നു. റോട്ടറി ക്ലബ്ബുമായി ചേർന്ന് നടപ്പാക്കിയ വിശപ്പുരഹിത കട്ടപ്പന പദ്ധതിയുടെ ഭാഗമായി പാവപ്പെട്ടവർക്ക് സൗജന്യമായി ഭക്ഷണവും ഇവിടെ നിന്നു നൽകിവന്നിരുന്നു. ഇതോടൊപ്പം അനാഥാലയങ്ങൾക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ നൽകുന്നുണ്ട്. ശേഷിക്കുന്ന തുകയിൽ നിന്നാണ് വായ്പ തിരിച്ചടയ്ക്കുന്നത്.