mobile

കോട്ടയം: '' ഹലോ കോട്ടയം ഫയർഫോഴ്സല്ലേ, എന്റെ ഫോൺ ഓടയിൽ വീണു സാറേ, ഒന്ന് എടുത്ത് തരണം'' ആലപ്പുഴ ചമ്പക്കുളം വല്ലയിൽ ആലീസ് ജോർജിന്റെ വിളികേട്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും ഞൊടിയിടയിൽ പുളിമൂട് കവലയിൽ ഫയർഫോഴ്സ് ടീം പാഞ്ഞെത്തി. മൊബൈൽ ഫോണിനും ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തുമെന്നറിഞ്ഞപ്പോൾ നഗരവാസികൾക്കും ആവേശം.

ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു ആലീസിന്റെ സ്മാർട്ട് ഫോൺ കൈയിൽ നിന്ന് വഴുതി സ്ളാബിനിടയിലൂടെ ഓടയിൽ വീണത്. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ആലീസിന് ഫോണെടുക്കാനായില്ല. ഇരുപതിനായിരം രൂപ വിലയുള്ള ഫോൺ ഓടയിൽ ഉപേക്ഷിക്കുന്നതിനെപ്പറ്റി ചിന്തിക്കാനുമായില്ല. സമീപത്തെ കടക്കാരും സഹായിക്കാനെത്തിയെങ്കിലും നോ രക്ഷ. ഒടുവിൽ രണ്ടും കൽപ്പിച്ച് ഫയർഫോഴ്സിനെ വിളിച്ചു. മിനിറ്റുകൾക്കുള്ളിൽ ഉദ്യോഗസ്ഥർ പാഞ്ഞെത്തി. ഓടയുടെ സ്ലാബല്ലേ പെട്ടെന്ന് മാറ്റിയെടുക്കാം എന്ന മട്ടിലായിരുന്നു ആദ്യം പണിയെങ്കിലും വൈകാതെ അങ്ങിനെയല്ലെന്നു ബോദ്ധ്യമായി. സ്ലാബുകൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചതിനാൽ മാറ്റാൻ പ്രയാസപ്പെട്ടു. പിന്നീട് സ്ലാബിന്റെ ഒരു വശത്ത് കൈ കടത്താവുന്ന രീതിയിൽ വിടവ് ഉണ്ടാക്കി റോഡിൽ കമഴ്ന്ന് കിടന്ന് കൈയിട്ട് ഫയർമാൻ സനൽ ആണ് ഫോൺ വെളിയിലെടുത്തത്.
ഓടയിൽ അധികം വെളളം കെട്ടി നിൽക്കാത്തതിനാൽ ഫോണിന് വലിയ കേടുപാടുണ്ടായില്ല. മൂന്ന് മണിക്കൂറിന് ശേഷം ഫോൺ കൈയിൽ കിട്ടിയപ്പോൾ ആലീസിന് സന്തോഷം . ഓഫീസർ ബി.യേശുദാസന്റെ നേതൃത്വത്തിൽ എട്ടോളം ഉദ്യോഗസ്ഥരാണ് നട്ടുച്ച വെയിലിലത്തും മൊബൈൽ ഫോണിന് വേണ്ടി പരിശ്രമിച്ചത്.