mg

കോട്ടയം: സമൂഹത്തിന് നൽകുന്ന സംഭാവനകളിലൂടെയാണ് സർവകലാശാലകളുടെ നേട്ടവും വിജയവും വിലയിരുത്തപ്പെടുന്നതെന്ന് സർവകലാശാല ചാൻസലറും ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മഹാത്മാഗാന്ധി സർവകലാശാലയുടെ ത്രൈമാസ ന്യൂസ്‌ലെറ്റർ 'ഇൻസൈഡറി'ന്റെ പ്രകാശനം ഓൺലൈനിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർവകലാശാലകളുടെ ബൗദ്ധികശക്തിയുടെ കരുത്തിൽ സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. വിജ്ഞാനത്തിന്റെ ശക്തികൊണ്ട് സമൂഹത്തിന് വഴികാട്ടിയാകാനും പുരോഗതിയിലേക്ക് നയിക്കാനും സർവകലാശാലകൾക്ക് കഴിയും. സമൂഹത്തെ സേവിക്കുക എന്നതാകണം എല്ലാ അക്കാദമിക പ്രവൃത്തികളുടെയും ലക്ഷ്യം. വിദ്യാർത്ഥികളെ വിശ്വപൗരന്മാരായി വളർത്തണം. മികച്ച നിലവാരത്തിലേക്കുയരുന്നതിനായി സർവകലാശാലകൾ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടേയിരിക്കണം. അക്കാദമികരംഗത്ത് അഭിമാനകരമായ നേട്ടങ്ങൾ സൃഷ്ടിക്കാൻ മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വൈസ് ചാൻസലർ പ്രൊഫ. സാബുതോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രോ വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ, സിൻഡിക്കേറ്റംഗം അഡ്വ. പി. ഷാനവാസ്, രജിസ്ട്രാർ പ്രൊഫ. ബി. പ്രകാശ്കുമാർ എന്നിവർ സംസാരിച്ചു.