
റിസോർട്ട് ഉടമ സി.പി.ഐ ലോക്കൽ സെക്രട്ടറി
നിശാപാർട്ടിയിൽ പങ്കെടുത്തത് സ്ത്രീകളടക്കം 61 പേർ
കട്ടപ്പന: സി.പി.ഐ നേതാവിന്റെ ഉടമസ്ഥതയിലുള്ള വാഗമൺ വട്ടപ്പതലാലിലെ ക്ലിഫ് ഇൻ റിസോർട്ടിൽ സ്ത്രീകളടക്കം അറുപതോളം പേർ പങ്കെടുത്ത നിശാ പാർട്ടിക്കിടെ വൻലഹരി വേട്ട. എൽ.എസ്.ഡി സ്റ്റാമ്പടക്കമുള്ള മാരക ലഹരി വയസ്തുക്കളുമായി യുവതിയടക്കം ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.
കോഴിക്കോട് ഫറൂഖ് കോളജ് കരയിൽ ഷൗക്കത്ത് (36), തൃശൂർ പൂവത്തൂർകരയിൽ അമ്പലത്തിൽ നിഷാദ് (36), കാസർകോട് ഹോസ്ദുർഗ് പടുതക്കാട് കരയിൽ ഫാത്തിമ മൻസിൽ മുഹമ്മദ് റാഷിദ് (31), എറണാകുളം തൃപ്പുണിത്തറ കണ്ണാകുളങ്ങര ആകാശം നിവാസിൽ ബ്ലിസ്റ്റി വിശ്വാസ് (23), തൊടുപുഴ മങ്ങാട്ടുകവല സ്വദേശി അജ്മൽ സഹീർ (30), മലപ്പുറം തിരൂരങ്ങാടി പള്ളിക്കാപ്പറമ്പിൽ കൂരംപ്ലാക്കൽ കെ. മെഹാർ ഷരീഫ് (26), മലപ്പുറം എടപ്പാൾ കല്ലുങ്കൽ നബീൽ (36), കോഴിക്കോട് കൊമ്മേരി പലേക്കൊട്ട് അജയൻ, കോഴിക്കോട് ഫറൂഖ് പെരുമുഖം മീഖരാജാ മൻസിലിൽ സൽമാൻ (38) എന്നിവരാണ് പിടിയിലായത്. നിശാപാർട്ടിക്കെത്തിച്ച എൽ.എസ്.ഡി സ്റ്റാമ്പ്, ഹാഷിഷ്, ലഹരി ഗുളിക, ലഹരി മരുന്ന്, കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കളുടെ വൻ ശേഖരവും ഇവിടെ നിന്നു പിടിച്ചെടുത്തു. 24 സ്ത്രീകളടക്കം 61 പേരാണ് നിശാപാർട്ടിക്കെത്തിയത്.
വാഗമൺ കേന്ദ്രീകരിച്ച് നിശാ പാർട്ടിയുള്ളതായും ഇവർക്ക് ഉപയോഗിക്കാൻ ലഹരി ഉത്പന്നങ്ങൾ എത്തിച്ചതായും ഇടുക്കി ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമിക്ക് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ഇടുക്കി അഡീഷണൽ എസ്. പി എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി റെയ്ഡ് നടത്തിയത്. 61 പേരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി സംഘടിപ്പിച്ച ഒമ്പത് പേരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ എൻ.ഡി.പി.എസ്.ആക്ട് പ്രകാരം കേസെടുക്കും. മറ്റുള്ളവരിൽ നിന്ന് ലഹരിമരുന്ന് കണ്ടെടുക്കാത്തതിനാലാണ് അവരെ അറസ്റ്റ് ചെയ്യാത്തത്. അവരെ സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണ്. ലഹരി മരുന്നുകൾ എത്തിച്ചത് മഹാരാഷ്ട്ര, ബംഗ്ളൂരു എന്നിവിടങ്ങളിൽ നിന്നാണെന്ന് പൊലീസ് പറഞ്ഞു.
പാർട്ടിയിൽ നിന്ന്
പുറത്താക്കി
റിസോർട്ട് ഉടമയും സി.പി.ഐ ഏലപ്പാറ ലോക്കൽ സെക്രട്ടറിയുമായ ഷാജി കുറ്റിക്കാട്ടിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതായി സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ അറിയിച്ചു. ഷാജി ഏലപ്പാറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയാണ്. അതേസമയം ലഹരി പാർട്ടിയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് ഷാജി കുറ്റിക്കാട്ട് പറഞ്ഞു.