
ചങ്ങനാശേരി: ഏതു നിമിഷവും ഇടിഞ്ഞുവീഴാറായ വീട്ടിൽ താമസിക്കുന്ന കുറിച്ചി ഗ്രാമപഞ്ചായത്ത് 9-ാം വാർഡിലെ മൂലംകുന്നത്ത് കുഞ്ഞമ്മയ്ക്ക് ബി.പി.എൽ കാർഡ് ലഭ്യമായി. നിലവിൽ എ.പി.എൽ. കാർഡായതിനാൽ വീടിന്റെ അറ്റകുറ്റപ്പണിക്ക് ഗ്രാമപഞ്ചായത്തിൽ നിന്നും ധനസഹായം നിഷേധിക്കപ്പെട്ടിരുന്നു. കൂടാതെ സൗജന്യറേഷൻ ഉൾപ്പെടെ സർക്കാരിന്റെ മറ്റ് യാതൊരു സഹായവും ലഭിക്കാതെ ദുരിതത്തിലായിരുന്നു നിർദ്ധനയായ ഈ വീട്ടമ്മ.
ഹൃദ്രോഗിയായ ഇവരുടെ ഏകവരുമാനം കർഷകത്തൊഴിലാളി പെൻഷൻ മാത്രമായിരുന്നു. ബി.പി.എൽ കാർഡിനായി കഴിഞ്ഞ മൂന്നുവർഷമായി ചങ്ങനാശേരി സിവിൽ സപ്ലൈസ് ഓഫീസ് നിരന്തരം കയറിയിറങ്ങിയ ഇവരുടെ വാർത്ത ഇത്തിത്താനം വികസനസമിതിയുടെ ഇടപെടലിനെ തുടർന്ന് കേരളകൗമുദി ഫ്ലാഷ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് സപ്ലൈ ഓഫീസർ ഇവരെ വിളിച്ചുവരുത്തി പുതിയ അപേക്ഷ തയ്യാറാക്കി നൽകുകയായിരുന്നു. തന്റെ ദുരിതകഥ നേരിട്ടറിഞ്ഞ് രണ്ടുമാസത്തിനുള്ളിൽ തന്നെ ബി.പി.എൽ കാർഡ് ലഭ്യമാക്കിത്തരുകയും ഒപ്പം തനിക്ക് മരുന്നുവാങ്ങാനുള്ള സാമ്പത്തിക സഹായവും നൽകിയ ചങ്ങനാശേരി സിവിൽ സപ്ലൈ ഓഫീസർക്ക് കുഞ്ഞമ്മ നന്ദിപറഞ്ഞു. ബി.പി.എൽ കാർഡ് ലഭ്യമായതോടെ ഇവർക്ക് നിഷേധിക്കപ്പെട്ട വീടിന്റെ അറ്റകുറ്റപ്പണിക്കായുള്ള സാമ്പത്തികസഹായം ഇനി ലഭ്യമാക്കാൻ പുതിയ ഭരണസമിതി തയ്യാറാകുമെന്ന വിശ്വാസത്തിലാണ് കുഞ്ഞമ്മ.