abhya

കോട്ടയം: '' ദൈവത്തോട് നന്ദി പറയുന്നു. ദൈവം ഞങ്ങളുടെ പ്രാർത്ഥന കേട്ടു'' - പ്രതികൾ കുറ്റക്കാരാണെന്ന വാർത്ത ദുബായിലെ ജോലി സ്ഥലത്ത് വച്ച് അറിഞ്ഞ ബിജുവിന്റെ ആദ്യ പ്രതികരണം ഇതായിരുന്നു. 28വർഷത്തിന് ശേഷം അഭയയുടെ ആത്മാവിന് നീതി ലഭിക്കുമ്പോൾ ജീവിച്ചിരിക്കുന്ന ഏക ബന്ധുകൂടിയാണ് ബിജു.

'' അന്തിമ വിധി വന്നു. പ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞു. ഇത്രയും വർഷം നീണ്ടു പോയ കേസ് വെറേ കാണില്ല. അതിന് അവസാനമായി. ജഡ്ജിയുടെ നല്ല മനസിനും മാദ്ധ്യമങ്ങൾക്കും നന്ദി. എല്ലാവരുടേയും സഹകരണംകൊണ്ട് മാത്രമാണ് അഭയയ്ക്ക് നീതി ലഭിച്ചത്. കേസ് തെളിയില്ലെന്ന് ഒരുപാട് പേർക്ക് സംശയമുണ്ടായിരുന്നു. പലഘട്ടത്തിലും ദൈവത്തിന്റെ ഇടപെടൽ ഉണ്ടായി. പലതവണ ഫയൽ ക്‌ളോസ് ചെയ്തിട്ടും വീണ്ടും കേസ് സജീവമാകാൻ കാരണം ദൈവത്തിന്റെ ഇടപെടലാണ്. ഞങ്ങൾക്ക് സഹായവുമായി മറ്റ് സഭകളിലെ അച്ചൻമാർ, കന്യാസ്ത്രീകളുമൊക്കെയെത്തി. അങ്ങനെ ഒരുപാട് പേരുടെ പ്രാർത്ഥനയും സഹായവുംകൊണ്ടാണ് അന്തിമ തീരുമാനമുണ്ടായത്. സമ്മർദ്ദങ്ങളില്ലെങ്കിൽ ലോക്കൽ പൊലീസിന് കേസ് ശരിയായി അന്വേഷിക്കാമായിരുന്നു. പക്ഷേ, ഇവിടെ പല ഉദ്യോഗസ്ഥരും പണം വാങ്ങി കേസ് അട്ടിമറിച്ചു. ഒരു മണിക്കൂറുകൊണ്ട് തെളിയിക്കാവുന്ന കേസാണ് 28 വർഷമെടുത്തത്'' -ബിജു പറഞ്ഞു.

അച്ഛൻ ഐക്കരക്കുന്നേൽ തോമസും ഭാര്യ ലീലാമ്മയും 2016ൽ മരിച്ചു. അഭയ മരിക്കുമ്പോൾ സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുകയായിരുന്ന ബിജു പിന്നീടാണ് വിദേശത്ത് ജോലിതേടി പോയത്.

തലയോലപ്പറമ്പ് സ്വദേശിയായ തോമസ് അരീക്കരയിൽ താമസിക്കുന്നതിനിടെയാണ് ബീനയെന്ന സിസ്റ്റർ അഭയയുടെ ദുരൂഹ മരണം. അഭയയ്‌ക്ക് അന്ന് 21 വയസ്. ബി.സി.എം കോളേജിലെ രണ്ടാം വർഷ പ്രീ- ഡിഗ്രി വിദ്യാർത്ഥിനിയും ക്നാനായ കത്തോലിക്കാ സഭയ്‌ക്ക് കീഴിലുള്ള സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്‌ത്രീയുമായിരുന്ന അഭയയുടെ മരണം തോമസിനും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മാനസികമായി തകർന്ന തോമസും കുടുംബവുംപിന്നീട് കുറവിലങ്ങാട്ടേയ്ക്ക് താമസം മാറി. 24 വർഷത്തോളം സമരം നടത്തിയും കോടതി കയറിയും മകളുടെ ഘാതകരെ കണ്ടെത്താൻ തോമസ് രാപ്പകലില്ലാതെ അലഞ്ഞു. ഏകമകൻ ബിജുവിനും കുടുംബത്തിനുമൊപ്പം താമരക്കാട് താമസിക്കുമ്പോൾ മകൾക്ക്നീതി കിട്ടണമെന്ന അന്തിമാഭിലാഷം പൂവണിയാതെ ഇരുവരും മരിച്ചു.