
കോട്ടയം: വാർക്ക കമ്പിക്കും സിമന്റിനും വില കുതിച്ചുകയറുന്നു. ഒപ്പം പി.വി.സി പൈപ്പുകൾക്കും പെയ്ന്റിനും. കമ്പിക്ക് കിലോക്ക് പത്തു മുതൽ 22 രൂപ വരെയാണ് ഒറ്റയടിക്ക് വില വർദ്ധിച്ചത്. പി.വി.സി പൈപ്പിനാവട്ടെ 30 ശതമാനമാണ് വില കൂടിയത്. അലൂമിനിയ ഉത്പ്പന്നങ്ങൾക്ക് വർദ്ധിച്ചത് 20 ശതമാനമാണ്. ചുരുക്കത്തിൽ ഒരു കൂര പണിയാൻ പുറപ്പെട്ടവർക്ക് അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവ് ഇരുട്ടടിയായി.
ചൈനയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കൾ വരാത്തതാണ് വാർക്കകമ്പിയുടെ വില വർദ്ധനവിന് കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കമ്പി കമ്പനിക്കാർ ഒറ്റയടിക്ക് വിലവർദ്ധിപ്പിച്ചത്. ടാറ്റ സ്റ്റീലിന് കിലോക്ക് 22 രൂപയാണ് വർധിച്ചിട്ടുള്ളത്. ഒരാഴ്ച മുമ്പ് 52 രൂപ വിലയുണ്ടായിരുന്ന സ്ഥാനത്ത് 74 രൂപ നല്കിയാലെ ഒരു കിലോ കമ്പി വാങ്ങാൻ സാധിക്കുകയുള്ളു. പാലക്കാട്ട് നിർമ്മിക്കുന്ന സാദാ കമ്പിക്ക് 42 രൂപയിൽ നിന്നും 56 രൂപയായി വർധിച്ചു. 53 രൂപയുണ്ടായിരുന്ന വൈശാഖ് കമ്പിക്ക് 66 രൂപയായി. ഇനിയും വില വർദ്ധിക്കാനാണ് സാദ്ധ്യത. സിമന്റിനാവട്ടെ ചാക്ക് ഒന്നിന് 50 രൂപയാണ് വർദ്ധിച്ചത്. 390 രൂപയുണ്ടായിരുന്ന ശങ്കർ സിമന്റിന് 440 രൂപയിലെത്തി. ചെട്ടിനാട് സിമന്റിന് ചാക്കൊന്നിന് 50 രൂപ കൂടി 390ലെത്തി. വീടുപണിക്ക് അത്യാവശ്യമായ പി.വി.സി പൈപ്പിന് കൂടിയത് 30 ശതമാനമാണ്. അലൂമിനിയത്തിന് 20 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കൊവിഡ് കാലഘട്ടത്തിൽ മിക്ക ഫാക്ടറികളും പൂട്ടിയതാണ് അലൂമിനിയത്തിനും പി.വി.സി പൈപ്പുകൾക്കും വില വർദ്ധിക്കാൻ ഇടയാക്കിയതെന്നാണ് അറിയുന്നത്. ഫാക്ടറികൾ പ്രവർത്തിക്കാതായതോടെ ഉത്പ്പന്നങ്ങൾക്ക് ദൗർലഭ്യം നേരിട്ടു. ഇതോടെ കമ്പനികൾ വില വർദ്ധിപ്പിക്കുകയായിരുന്നു. പെട്രോളിയത്തിന് വില വർദ്ധിപ്പിച്ചതോടെ പെയിന്റിനും വില കൂടിയിട്ടുണ്ട്.