
കോട്ടയം: അഭയയ്ക്ക് നീതി കിട്ടുമ്പോൾ ഉള്ളറിഞ്ഞ് സന്തോഷിക്കുകയാണ് റിട്ട. ഫയർ സ്റ്റേഷൻ ഓഫീസർ കാടമമുറി തിരുത്തുപ്പള്ളിക്കരോട്ട് ഗോപിനാഥ പിള്ള. സത്യം പറഞ്ഞതിന്റെ പേരിൽ നുണ പരിശോധനയ്ക്കും മാനസിക പീഡനങ്ങൾക്കും ചോദ്യം ചെയ്യലിനുമൊക്കെ വിധേയനായ അദ്ദേഹം നിലപാടിൽ ഉറച്ചു നിന്നു. അന്വേഷണ ഉദ്യോഗസ്ഥർ തെളിവ് നശിപ്പിച്ചെന്ന് വ്യക്തമായത് ഗോപിനാഥ പിള്ളയുടെ മൊഴിയുടെ അടിസ്ഥാനത്തിൽക്കൂടിയാണ്.
കോട്ടയം ഫയർ സ്റ്റേഷനിൽ ലീഡിംഗ് ഫയർമാനായിരിക്കെയാണ് 1992 മാർച്ച് 27ന് അഭയയുടെ മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ആ സമയം അഭയയുടെ ശരീരത്തിൽ അടിവസ്ത്രവുമുണ്ടായിരുന്നില്ലെന്നായിരുന്നു ഗോപിനാഥ പിള്ളയുടെ മൊഴി എന്നാൽ ഇതിന് നേർവിപരീതമായിരുന്നു പൊലീസിന്റെ സീൻ മഹസറിലും ഇൻക്വസ്റ്റ് റിപ്പോർട്ടിലും രേഖപ്പെടുത്തിയിരുന്നത്. ഗോപിനാഥ പിള്ള കള്ളം പറയുകയാണെന്ന് പ്രചരിപ്പിച്ചു. പക്ഷേ, അദ്ദേഹം തളർന്നില്ല.
'' ഞങ്ങൾ 11പേരാണ് കോൺവെന്റിലെത്തിയത്. പാതാളക്കരണ്ടി ഉപയോഗിച്ച് മൃതദേഹം കിണറിന്റെ വെള്ളത്തിന്റെ മുകൾ പ്രതലം വരെ എത്തിച്ചു. എന്നെ കെട്ടി കിണറ്റിലിറക്കി. കിണറിന്റെ അരഞ്ഞാണത്തിൽ ചവിട്ടി നിന്നുകൊണ്ട് കയർകൊണ്ടുണ്ടാക്കിയ കുടുക്കായ 'ചെയർ നോട്ട്' ഉപയോഗിച്ച് മൃതദേഹം മുകളിലേയ്ക്ക് ഉയർത്തിയത്. കാലിലൂടെ കയർ ഇടുന്നതിനിടെയാണ് മൃതദേഹത്തിൽ അടിവസ്ത്രമില്ലായിരുന്നെന്ന് അറിഞ്ഞത്'' -അദ്ദേഹം പറഞ്ഞു. മൊഴി മഹസർ റിപ്പോർട്ടിന് എതിരായതോടെ ഗോപിനാഥപിള്ള കള്ളം പറയുകയാണെന്നായി പ്രചരണം.. ഒരു തവണ തിരുവോണത്തിന് സദ്യ കഴിക്കാനായി കൈകഴുകി ഇരിക്കുമ്പോൾ സി.ബി.ഐയുടെ മുന്നിൽ ഹാജരാകേണ്ടി വന്നു. 2007ൽ പാമ്പാടിയിൽ സർവീസിൽ നിന്ന് വിരമിച്ച ഗോപിനാഥ പിള്ള മികച്ച സേവനത്തിലുള്ള രാഷ്ട്രപതിയുടേയും മുഖ്യമന്ത്രിയുടേയും മെഡലും നേടി.
'' വിധിയിൽ ഒരു പാട് സന്തോഷം. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുമ്പോൾ എന്റെ മൊഴി സത്യമായിരുന്നെന്ന് കൂടിയാണ് തെളിയുന്നത്''
-ഗോപിനാഥ പിള്ള