
കോട്ടയം:അടയ്ക്ക മോഷ്ടിച്ചു 'അടയ്ക്ക രാജു'വായ രാജു ഇന്ന് വെറുമൊരു മോഷ്ടാവല്ല. ദൈവനിയോഗം പോലെ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ കൊന്ന് തള്ളിയവരെ 28 വർഷത്തിന് ശേഷം കണ്ടെത്താൻ വഴി തെളിച്ചത് രാജുവിന്റെ മോഷണ ശ്രമമായിരുന്നു. അതിൽ കേസ് തെളിയിച്ച ദൈവത്തിന്റെ കൈയൊപ്പുണ്ട്.
അഭയ മരിച്ച ദിവസം കോൺവെന്റിൽ മോഷ്ടിക്കാൻ കയറിയപ്പോഴാണ് ഫാദർ തോമസ് കോട്ടൂർ, ജോസ് പൃതുക്കയിൽ എന്നിവരെ രാജു കാണുന്നത്. ഈ മൊഴി വച്ചാണ് രാജുവിനെ പ്രധാന സാക്ഷിയാക്കി രണ്ടു പേർ കുറ്റക്കാരാണെന്ന് സി.ബി.ഐ കോടതി കണ്ടെത്തിയത്. ഈ മൊഴി മാറ്റിപ്പറയാൻ കോടികളാണ് രാജുവിന് വാഗ്ദാനം ചെയ്‌തത്. രാജു വഴങ്ങിയില്ല. സത്യത്തിന്റെ പക്ഷത്ത് ഉറച്ചു നിന്നു, രാജു എന്ന കള്ളൻ.
സമീപത്ത് താമസിക്കുന്നവരെ ചോദ്യം ചെയ്യുന്നതിനിടയിലാണ് രാജുവിനെയും പൊലീസ് പിടികൂടിയത്. മോഷണ ശ്രമത്തിനിടയിൽ രണ്ടു വൈദികരെ കോൺവെന്റിന്റെ സ്റ്റെയർകേസിൽ കണ്ടെന്നു രാജു മൊഴി നൽകി. അങ്ങനെ കണ്ടില്ലെന്ന് പറയിക്കാൻ പൊലീസ് സമ്മർദ്ദം ഉണ്ടായി. നിലപാടിൽ ഉറച്ചു നിന്നപ്പോൾ മോഷണശ്രമത്തിനിടയിൽ രാജുവാണ് അഭയയെ കൊന്നതെന്ന് തെളിയിക്കുമെന്നു വരെ ഭീഷണിപ്പെടുത്തി. പണം കൊടുത്ത് സ്വാധീനിക്കാനും ശ്രമമുണ്ടായി. എന്നിട്ടും നിലപാടിൽ ഉറച്ചു നിന്നു. സി.ബി.ഐക്ക് രാജു നൽകിയ മൊഴി വച്ചാണ് രണ്ട് വൈദികരും സിസ്റ്റർ സെഫിയും പ്രതികളായത്. ഫാദർ പുതൃക്കയിലിനെ കണ്ട തീയതി മാറിപ്പോയതിനാലാണ് അദ്ദേഹത്തെ കേസിൽ നിന്ന് ഒഴിവാക്കിയത്.
മോഷണം നിറുത്തി ഇപ്പോൾ കൂലിപ്പണിക്കു പോവുകയാണ് രാജു.
വിധി അറിഞ്ഞ് രാജു
"ആ കുഞ്ഞിന് നീതി കിട്ടിയില്ലേ, എനിക്ക് അതുമതി. എനിക്കും പെൺകുട്ടികളുണ്ട്, അയൽപക്കത്തും പെൺകുട്ടികളുണ്ട. ആർക്കും ഒരു ദോഷവും വരരുത്. എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കുഞ്ഞിന് നീതി കിട്ടണമെന്ന്. നീതി കിട്ടി. ഞാനിപ്പോൾ വലിയ സന്തോഷവാനാണ്. കേസിൽ കൂറുമാറാൻ കോടികളാണ് വാഗ്ദാനം ചെയ്തത്, ആരിൽ നിന്നും ഒന്നും വാങ്ങിച്ചിട്ടില്ല, ഒരു രൂപ പോലും എനിക്ക് വേണ്ട, ആ കുഞ്ഞിന്റെ അപ്പനായിട്ട് തന്നെ പറയുവാ ഞാൻ ഭയങ്കര ഹാപ്പിയാണ്...''