പൊൻകുന്നം:കവലകളുടെ നാടായ ചിറക്കടവിലെ കവലമൂപ്പന്റെ മുഖം മിനുക്കുന്നു.പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ രണ്ടാംഘട്ട നിർമ്മാണം നടക്കുന്ന പൊൻകുന്നം പുനലൂർ റോഡിലാണ് കവലമൂപ്പൻ എന്നറിയപ്പെടുന്ന തെക്കേത്തുകവല. കേരളത്തിൽ മറ്റെങ്ങും കാണാത്ത പ്രത്യേകതകളോടെയാണ് ചിറക്കടവിലെ സ്ഥലനാമങ്ങൾ അറിയപ്പെടുന്നത്. ഇവിടെയെല്ലാം കവലകളാണ്. കവലകളുമായി ബന്ധപ്പെട്ടാണ് ചിറക്കടവിന്റെ ചരിത്രവും. തെക്കേത്തുകവല, ചേർപ്പത്തുകവല, മുട്ടത്തുകവല, മുങ്ങത്രക്കവല, പവ്വത്തുകവല, പ്ലവോലിക്കവല, കളമ്പുകാട്ടുകവല, താന്നിമൂടുകവല, മന്ദിരംകവല, അട്ടിക്കവല ഇങ്ങനെപോകുന്നു ചിറക്കടവിലെ കവലകൾ.ചിറക്കടവ് തെക്കുംഭാഗം വടക്കുംഭാഗം എന്നീ കരകളാണ്.ഇതിൽ തെക്കുംഭാഗം കരയുടെ കേന്ദ്രമാണ് തെക്കേത്തുകവല. ചിറക്കടവിന്റെ ഏതാണ്ട് മദ്ധ്യഭാഗമാണ് ഈ പ്രദേശം.
റോഡിന്റെ നവീകരണം പൂർത്തിയാകുമ്പോൾ തെക്കേത്ത്കവലയുടെ മുഖഛായ തന്നെ മാറും.9 മുതൽ 18 മീറ്റർ വരെ വീതിയിലാണ് സംസ്ഥാനപാതയുടെ നവീകരണം നടക്കുന്നത്. എസ് വളവിന്റെ മദ്ധ്യഭാഗത്താണ് തെക്കേത്തുകവല.ചാമംപതാൽ,വാഴൂർ പ്രദേശങ്ങളിലേക്കുള്ള റോഡും ഇവിടെനിന്നാണ് തുടങ്ങുന്നത്.അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധയോടെയും വിപുലമായ സൗകര്യങ്ങളൊരുക്കിയുമാണ് കവലയുടെ മുഖം മിനുക്കുന്നത്. സംരക്ഷണഭിത്തികളും കൈവരികളും ആധുനീക സൗകര്യങ്ങളോടെ വെയിറ്റിംഗ് ഷെഡ്ഡും നിർമ്മിക്കും.ഇവിടെ വെളിച്ചം പകരാൻ സോളാർ ലൈറ്റുകളുമുണ്ടാകും.