
കോട്ടയം: '' സിസ്റ്റർ അഭയയുടെ കഴുത്തിൽ നഖമേറ്റു മുറിഞ്ഞു പാടുകളുണ്ടായിരുന്നു. പക്ഷേ, നിർണായക തെളിവുകളുള്ള ഫോട്ടോകളൊന്നും സി.ബി.ഐക്ക് ലഭിച്ചില്ല'' പൊലീസിന് വേണ്ടി ഫോട്ടോകളെടുത്ത അന്നത്തെ ഫോട്ടോഗ്രാഫറും ഏഴാം സാക്ഷിയുമായ മണർകാട് ഒഴത്തിൽ വറുഗീസ് ചാക്കോ (56) പറയുന്നു.
പയസ്ടെൻത് കോൺവെന്റിന് സമീപത്തെ വീനസ് സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായിരുന്നു വറുഗീസ് ചാക്കോ. '' മൃതദേഹത്തിന്റെ ക്ളോസപ്പ് ഫോട്ടോയെടുക്കുമ്പോൾ നഖത്തിന്റെ മുറിവ് വ്യക്തമായി കാണാമായിരുന്നു. അന്ന് പത്തു ഫോട്ടോകളെടുത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയെങ്കിലും സി.ബി.ഐയ്ക്ക് ആറെണ്ണമേ ലഭിച്ചിള്ളൂ. നെഗറ്റീവുകളടക്കം ലഭ്യമല്ലായിരുന്നു. ഫോട്ടോഗ്രാഫി പൂർണമായും ഉപേക്ഷിച്ച വറുഗീസ് ചാക്കോ ഇപ്പോൾ മണർകാട് സ്വകാര്യ മില്ലിലെ ജീവനക്കാരനാണ്. അഭയക്ക് നീതി ലഭിച്ചതിൽ സന്തോഷമുണ്ട്. മാനസികമായി തകർന്ന പ്രതികൾക്ക് ഇതിനോടകം തന്നെ ശിക്ഷ ലഭിച്ചുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.