
കുമരകം: കുമരകത്തെ ജലാശയങ്ങളിൽ പോളശല്യം രൂക്ഷം.തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചതോടെയാണ് ജലാശയങ്ങളിൽ പോള തിങ്ങിനിറഞ്ഞത്. ജലത്തിൽ ഉപ്പ് രസം ഇല്ലാത്തതിനാൽ പോളയുടെ വളർച്ച അതിവേഗത്തിലാണ്. വേമ്പനാട്ടു കായലിൽ പണിയെടുക്കുന്ന മത്സ്യതൊഴിലാളികൾ ,കക്കാവാരൽ തൊഴിലാളികൾ തുടങ്ങിയവർക്ക് പോള മൂലം കായലിൽ എത്താൻ കഴിയുന്നില്ല. വിനോദ സഞ്ചാരമേഖലയേയും ഇത് ഏറെ ബാധിക്കുന്നുണ്ട് .സമീപ പാടശേഖരങ്ങളിലേക്ക് വിത്തും മറ്റും എത്തിക്കുന്നത് വള്ളത്തിലാണ്. അടിഞ്ഞുകൂടിയ പോള ചീയുന്നതോടെ തോടുകൾ മാലിന്യത്തിൽ മുങ്ങും. ഇതോടെ തോടുകളിലെ ജലം പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാകും. അട്ടിപ്പിടിക, കരിയിൽ ,ആശാരിശേരി ,കൊഞ്ചുമട തുടങ്ങിയ തെക്കൻ പ്രദേശങ്ങളിലാണ് പോള ശല്യം രൂക്ഷം. നിലവിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ അടച്ചിരിക്കുകയാണ്. ഇനി മാർച്ച് 15ന് ശേഷമേ ഷട്ടർ തുറക്കൂ. ഷട്ടർ തുറന്നാലും നല്ല വേലിയിറക്കം ഉണ്ടായാലേ പോള ഒഴുകി കടലിൽ പോകു.അതിനാൽ പോള വാരി നീക്കുകയാണ് ഏക പോംവഴി.
എവിടെ യന്ത്രം
ഇറിഗേഷൻ വകുപ്പിനും ജില്ലാ പഞ്ചായത്തിതിനും പോളവാരൽ യന്ത്രങ്ങളുണ്ടെങ്കിലും അവയൊന്നും കാര്യമായി പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. ഒരു വർഷത്തോളമായി കുമരകം ചന്തതോട്ടിൽ വള്ളാറ പള്ളിക്കു സമീപം ജില്ലാ പഞ്ചായത്തിന്റെ പോളവാരൽ യന്ത്രം ഉപേക്ഷിച്ച നിലയിലാണ്. അതേസമയം തൊഴിലുറപ്പ് തൊഴിലാളികളെ പോള വാരാൻ ചുമതപ്പെടുത്തണമെന്ന് മത്സ്യ തൊഴിലാളികൾ അഭിപ്രായപ്പെട്ടു .