വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർക്കുമെന്ന് കളക്ടർ

അടിമാലി: ഹൈറേഞ്ചിൽ വർദ്ധിച്ച് വരുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ ജില്ലാ ഭരണകൂടം അടിയന്തിര ഇടപെടൽ നടത്തും. പ്രശ്‌ന പരിഹാരം കാണുന്നതിനായി വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർക്കുമെന്നും കളക്ടർ വ്യക്തമാക്കി.
ഹൈറേഞ്ചിൽ ഒരിടവേളയ്ക്ക് ശേഷം കാട്ടാന അടക്കമുള്ള വന്യ മൃഗങ്ങളുടെ ശല്ല്യം രൂക്ഷമാണ്. നാട്ടിലിറങ്ങി വിളകൾ നശിപ്പിക്കുന്നതടക്കമുള്ളവ പ്രതിരോധിക്കുന്നതിന് പല മേഖലകളിലും വൈദ്യുതി വേലികൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇവ സംരക്ഷിക്കുന്നതിൽ കാണിച്ച അനാസ്ഥ കോടികൾ മുടക്കി ചെയ്ത പ്രവർത്തികൾ ഫലംകാണാതെപോയി. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി മൂന്നാർ അടക്കമുള്ള ടൗണുകളിലും കാട്ടാന വിളയാട്ടം രൂക്ഷമാണ്. സൂര്യനെല്ലി, ചിന്നക്കനാൽ, ആനയിറങ്കൽ, അടക്കമുള്ള മേഖലകളിൽ നിരവധി വീടുകളും ഏക്കറ് കണക്കിന് കൃഷിയിടങ്ങളും കാട്ടാന പല അവസരങ്ങളിലായി നശിപ്പിച്ചു. അടിക്കടിയുണ്ടാകുന്ന കാട്ടാന ശല്ല്യത്തിന് പരിഹാരം കാണുന്നതിന് അടിയന്തിര നടപടി ആവശ്യപ്പെട്ട് നാട്ടുകാരും കർഷക സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് വിഷയത്തിൽ ജില്ലാ ഭരണകൂടത്തിന്റെ അടിയന്തിര ഇടപെടൽ ഉണ്ടായത് . പ്രശ്ന പരിഹാരം കാണുന്നതിന് മുൻകൈ എടുക്കേണ്ടത് വനം വകുപ്പാണെന്നും അതിനായി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പരിഹാര നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.