 
കട്ടപ്പന: യാക്കോബായ സഭയുടെ പള്ളികളും സെമിത്തേരികളും കോടതി വിധിയുടെ മറവിൽ ഏറ്റെടുക്കാൻ ശ്രമിക്കുന്നതിനെതിരെ നിയമ നിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന അവകാശ സംരക്ഷണ ജാഥയ്ക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി. നെടുങ്കണ്ടത്തു നിന്നെത്തിയ ജാഥയെ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മോർ പീലക്‌സീനോസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ സഖറിയാസ് മോർ പീലക്‌സീനോസ് അദ്ധ്യക്ഷത വഹിച്ചു. ജാഥ കൺവീനർ തോമസ് മോർ അലക്‌സന്ത്രയോസ് മെത്രാപ്പോലീത്ത മുഖ്യസന്ദേശം നൽകി. ഭദ്രാസന സെക്രട്ടറി ഫാ. ജോൺ പഞ്ഞിക്കാട്ടിൽ, ഭദ്രാസനത്തിലെ പള്ളികളിലെ വികാരിമാർ, സഭ ഭാരവാഹികൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, സമരസമിതി പ്രവർത്തകർ, പള്ളി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് വാഴവര, നാരകക്കാനം, ഇടുക്കി, കത്തിപ്പാറത്തടം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ജാഥ കണ്ടനാട് ഭദ്രാസനത്തിലേക്ക് പുറപ്പെട്ടു.