
അടിമാലി: മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇടുക്കി പൊന്മുടിയിൽ ബോട്ടിംഗ് പുനരാരംഭിച്ചു. ജില്ലയിലെ ഉൾനാടൻ ടൂറിസം പദ്ധതികളിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന കേന്ദ്രമായിരുന്നു പൊന്മുടി ഡാം എന്നാൽ കൊവിഡ് പിടിമുറുക്കിയതോടെ കേന്ദ്രം പൂർണ്ണമായും അടച്ചിട്ടു. പിന്നീട് വിലക്കുകൾ നീങ്ങി ജില്ലയിൽ ടൂറിസം മേഖല സജീവമായെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണക്കുറവ് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ ഹൈറേഞ്ചിന്റെ കുളിര് തേടി സഞ്ചാരികൾ കൂടുതലായി എത്തിത്തുടങ്ങിയതോടെ ബോട്ടിംഗ് അടക്കമുള്ളവ പുനരാരംഭിക്കുകയായിരുന്നു. ഒരു സ്പീഡ് ബോട്ട്, രണ്ട് പെഡൽ ബോട്ട്, രണ്ട് വാട്ടർ സൈക്കിൾ എന്നിവയാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത്.