rd

മണർകാട്: മണർകാട് കവലയിലെ ഗതാഗത പരിഷ്‌കാരം വിജയിച്ചപ്പോൾ റോഡിലെ കുഴികൾ കെണിയാകുന്നു. മഴയാണേൽ വെള്ളക്കെട്ട്, വെയിലാണേൽ പൊടിശല്യം. ഇതാണ് മണർകാട് വൺവേ ബൈപ്പാസ് റോഡിന്റെ അവസ്ഥ. മണർകാട് കവലയിൽ വൺവേ സംവിധാനം ഏർപ്പെടുത്തിയ റോഡിലെ കുഴികളാണ് യാത്രക്കാർക്കും വാഹനങ്ങൾക്കും വില്ലനാകുന്നത്. അയർകുന്നം, പുതുപ്പള്ളി, കോട്ടയം എന്നിവിടങ്ങളിൽ നിന്ന് പാമ്പാടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരിഞ്ഞുപോകുന്ന മണർകാട്-അയർക്കുന്നം റോഡിലെ ബൈപ്പാസ് കവലയിലും പഴയ കെ.കെ റോഡിലുമാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. വാഹനങ്ങൾ കുഴിയിലിറങ്ങുന്നതോടെ തിരക്കുള്ള സമയങ്ങളിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. മണിക്കൂറുകൾ നീളുന്ന കുരുക്കാണ് ഇവിടെ ഉണ്ടാകുന്നത്. മാസങ്ങൾക്ക് മുമ്പ് ടാർ ചെയ്ത റോഡാണ് പൊട്ടിപ്പൊളിഞ്ഞത്. ടാറിംഗിലെ അപാകതയാണ് റോഡ് പൊളിയാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മണിക്കൂറുകൾ നീളുന്ന കുരുക്കിനാണ് ഗതാഗതപരിഷ്‌കാരത്തിലൂടെ മോചനമായത്. എന്നാൽ, കുരുക്കിനൊപ്പം റോഡിലെ കുഴികളാണ് ഇപ്പോൾ ദുരിതമാകുന്നത്. മൂന്നു വഴികൾ ചേരുന്ന പ്രധാന കവലയും ചങ്ങനാശേരി-ഏറ്റുമാനൂർ ബൈപ്പാസ് റോഡ് ഉൾപ്പെടെ അഞ്ച് വഴികൾ ഒത്തചേരുന്ന കിഴക്കേകവലയുമാണ് മണർകാട്ടുള്ളത്. ചെറുതും വലുതുമായ നിരവധി കുഴികളാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിന് ഇത് ഇടയാക്കിയിട്ടും അധികൃതർ അനങ്ങുന്നില്ല. റോഡ് റീടാർ ചെയ്യുകയും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്ന ഭാഗം ഇന്റർലോക്ക് കട്ടകൾ പാകുകയും ചെയ്തിരുന്നെങ്കിലും ഇവ ഇപ്പോൾ തകർന്ന നിലയിലാണ്. മഴക്കാലത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് കുഴികൾ മണ്ണടിച്ചു നികത്തിയിരുന്നു. വേനൽക്കാലം ആരംഭിച്ചതോടെ പൊടി ശല്യമാണ് നാട്ടുകാരെയും യാത്രക്കാരെയും പ്രതിസന്ധിയിലാക്കുന്നത്. പുതിയ ഭരണ സമിതി അധികാരത്തിൽ എത്തിയതോടെ റോഡിന്റെ ശോചനീയാവസ്ഥയിൽ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും യാത്രക്കാരും.