congress

രാമപുരം: പിന്നാക്കക്കാരിയായ ഷൈനി സന്തോഷ് രാമപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റാകുന്നതിൽ മുറുമുറുപ്പ്.
രാമപുരത്തിന്റെ 'ഝാൻസി റാണി 'യായി അവതരിപ്പിക്കപ്പെട്ട ആൾ തിരഞ്ഞെടുപ്പിൽ പൊട്ടിപ്പാളീസായതോടെയാണ് പ്രസിഡന്റാകാൻ ഷൈനി സന്തോഷിന് നറുക്ക് വീണത്. എന്നാൽ 'പിന്നാക്കക്കാരി' എന്നത് അയോഗ്യതയായി ചൂണ്ടിക്കാട്ടി രാമപുരത്തെ പ്രദേശിക കോൺഗ്രസ് നേതാക്കളിൽ ചുരുക്കം ചിലർ ഷൈനി പ്രസിഡന്റാകുന്നത് ഏതുവിധേനയും തടയാൻ ഒളിഞ്ഞും തെളിഞ്ഞും കളി തുടരുകയാണ്.

ഷൈനിയുടെ പ്രസിഡന്റ് സ്ഥാനത്തെപ്പറ്റിയുള്ള തീരുമാനം അനിശ്ചിതമായി നീണ്ടതോടെ പഞ്ചായത്തിലേക്ക് വിജയിച്ച കോൺഗ്രസ് പ്രതിനിധികൾ എതിർപ്പുയർത്തി. ഇക്കാര്യത്തിൽ പാർട്ടി എത്രയും വേഗം തീരുമാനമെടുക്കണമെന്നും അല്ലാത്തപക്ഷം തങ്ങൾ യോഗം ചേർന്ന് ഷൈനിയെ പിന്തുണയ്ക്കുമെന്നും മെമ്പർമാർ പറഞ്ഞതോടെ പ്രദേശിക നേതൃത്വം വെട്ടിലായി.
ഒടുവിൽ പ്രസിഡന്റ് വിഷയം ചർച്ച ചെയ്യാൻ ഇന്ന് വൈകിട്ട് 4ന് മണ്ഡലം തല യോഗം വിളിച്ചിരിക്കുകയാണ് പ്രദേശിക നേതൃത്വം. മണ്ഡലം പ്രസിഡന്റ് മോളി പീറ്റർ അദ്ധ്യക്ഷത വഹിക്കും. ഏഴച്ചേരി ജി.വി. വാർഡിൽ നിന്ന് മുമ്പ് 2 ടേം വിജയിച്ച ഷൈനി സന്തോഷ് രാമപുരം പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്നു. ഇത്തവണ കോൺഗ്രസ് റിബലും ഇടത് എൻ.ഡി.എ. സ്ഥാനാർത്ഥികളുമുൾപ്പെടെ നാലുപേരെ മലർത്തിയടിച്ചാണ് ഷൈനി വിജയം നേടിയത്. കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി മറ്റൊരാളായിരുന്നു .എന്നാൽ ഇദ്ദേഹം തിരഞ്ഞെടുപ്പിൽ തോറ്റു പോയി. ഇപ്പോൾ വിജയിച്ചവരിൽ കോൺഗ്രസിലെ മുതിർന്ന അംഗം ഷൈനി മാത്രമാണ്. ഇവരെ ഒഴിവാക്കിക്കൊണ്ട് ഇത്തവണ ആദ്യമായി ജയിച്ചു വന്ന മറ്റൊരാളെ പ്രസിഡന്റാക്കാനാണ് പ്രദേശിക നേതൃത്വത്തിലെ ഒന്നു രണ്ടു പേർ ചേർന്ന് തിരക്കഥ തയ്യാറാക്കിയത്. എന്നാൽ ഈ നീക്കം പുറത്തറിഞ്ഞതോടെ വെട്ടിലായ ഈ നേതാക്കൾ ഇപ്പോൾ 'ന്യൂനപക്ഷ പ്രേമം' പറഞ്ഞ് മറ്റൊരു കളി ആരംഭിച്ചതായാണ് സൂചന. ഈ നീക്കവും കോൺഗ്രസ് പ്രതിനിധികളായ മെമ്പർമാർ എതിർത്തതോടെയാണ് ഗത്യന്തരമില്ലാതെ വിഷയം ചർച്ച ചെയ്യാൻ ഇന്ന് വൈകിട്ട് 4ന് മണ്ഡലം കമ്മിറ്റി വിളിച്ചിട്ടുള്ളത് എന്നറിയുന്നു.