liquor

കോട്ടയം : കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ബാറുകൾ തുറന്നതോടെ കോളടിച്ച് ബിവറേജസ് കോർപ്പറേഷൻ ചില്ലറ വില്പനശാലകൾ. ആദ്യ ദിവസമായ ചൊവ്വാഴ്‌ച ശരാശരി ഏഴു ലക്ഷം രൂപയുടെ കച്ചവടമാണ് നടന്നത്. ആപ്പ് ഇല്ലാതെ മദ്യം വിൽക്കാമെന്ന വാക്കാലുള്ള നിർദേശം നൽകിയിട്ടും പല ഷോപ്പുകളും തയ്യാറായിട്ടില്ല. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ബാറുകൾ ഒൻപത് മാസത്തിന് ശേഷം ചൊവ്വാഴ്‌ച മുതലാണ് തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചത്. മാർച്ച് അവസാനം ലോക്ക് ഡൗണോടെ അടച്ചിട്ട ബിവറേജസ് കോർപ്പറേഷന്റെ ഷോപ്പുകളും ബാറുകളും മേയിലാണ് പുനരാരംഭിച്ചത്. ബെവ് ക്യൂ ആപ്പ് വഴിയായിയിരുന്നു വില്പന. ആപ്പ് പ്രവർത്തന ക്ഷമമായതോടെ കച്ചവടം കൂടിയത് ബാറുകളിൽ മാത്രമാണെന്ന ആരോപണം ഉയർന്നിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.

ബാറുകൾ തുറന്നതോടെ ഇവിടെ വിൽക്കുന്ന മദ്യത്തിന് 30 ശതമാനം വരെ വില വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്ന് ആളുകൾ കൂടുതലായി ബിവറേജസ് കോർപ്പറേഷനിലേയ്‌ക്ക് എത്തിയതാണ് മദ്യ വില്പന വർദ്ധിക്കാൻ കാരണമായത്.

ആൾ കൂടിയിട്ടും ആപ്പ് വേണം

ബാറുകളിലെ മദ്യത്തിന്റെ വില വർദ്ധിച്ചതോടെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വില്പന ശാലകളിൽ ആളുകളുടെ നിര വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആപ്പ് ഒഴിവാക്കി മദ്യ വിതരണം നടത്താൻ രഹസ്യ നിർദേശം നൽകിയെങ്കിലും ജീവനക്കാരിൽ പലരും ഇതിനു തയ്യാറാകുന്നില്ല. ഇന്നലെയും വൻ തിരക്കാണ് അനുഭവപ്പെട്ടത്.