thottapura

അടിമാലി: ഒരു കാലഘട്ടത്തിന്റെ ചരിത്രത്തോടൊപ്പം നിന്ന് ഇപ്പോൾ വിസ്മൃതിയിലേയ്ക്ക് നീങ്ങിയിരിക്കുകയാണ് കല്ലാർകുട്ടിക്ക് സമീപമുള്ള തോട്ടാപ്പുര.പവർ ഹൗസിന്റെയും അണക്കെട്ടിന്റെയും നിർമ്മാണകാലത്ത് പാറപൊട്ടിക്കുന്നതിനും മറ്റുമുള്ള മരുന്നും അനുബന്ധ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന തോട്ടാപ്പുരയാണ് ഇപ്പോൾ ആരാലും ശ്രദ്ധിക്കാതെ അവഗണിക്കപ്പെടുന്നത്. കല്ലാർകുട്ടിയുമായി ചേർന്ന് കിടക്കുന്ന ഈ പ്രദേശത്തിന്റെ പേര് തന്നെ തോട്ടാപ്പുരയെന്നായി മാറിയതുംഈ ൽരിത്രത്തിന്റെ ശേഷിപ്പുമായി ബന്ധപ്പെട്ടാണ്.ഒറ്റനോട്ടത്തിൽ തോട്ടാപ്പുരയിൽ കാണുന്ന വലിയ പാറക്കടിയിൽ ചരിത്രം അശേഷിപ്പിച്ച ഒരു നിർമ്മിതിയുണ്ടെന്ന് അധികമാർക്കും അറിവില്ല.കല്ലാർകുട്ടി -വെള്ളത്തൂവൽ റോഡ് കടന്നു പോകുന്നത് പാറക്കുള്ളിലെ ഈ ചരിത്രാശേഷിപ്പിന്റെ മുകളിലൂടെയാണ്. പാതയോരത്തു നിന്നും പടിക്കെട്ടുകൾ ഇറങ്ങി താഴ്ഭാഗത്തെത്തിയാൽ മീറ്ററുകളോളം ഉള്ളിലേക്ക് പാറ തുരന്ന് നിർമ്മിച്ചിട്ടുള്ള വലിയൊരു തുരങ്കം കാണാം.രണ്ടാൾ പൊക്കമുള്ള തുരങ്കത്തിനുള്ളിലൂടെ സഞ്ചരിച്ചാൽ മീറ്ററുകൾക്കപ്പുറം ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന വിശാലമായ വലിയ രണ്ട് മുറികൾക്കുള്ളിൽ എത്തും. ഇവിടെയാണ് പാറപൊട്ടിക്കാനുള്ള മരുന്നും മറ്റും സുരക്ഷിതമായി വെച്ചിരുന്നത്. ഹൈറേഞ്ചിന്റെ വികസനത്തിന്റെ പാതകൾ വെട്ടിത്തുന്ന അണക്കെട്ട് നിർമ്മാണവും പൗവ്വർഹൗസ് നിർമ്മാണവുമായി ബന്ധപ്പെട്ട് ചരിത്രമുറങ്ങുന്ന തോട്ടാപ്പുരയെ പ്രാധാന്യം നൽകി സംരക്ഷിച്ച് വിനോദ സഞ്ചാരവുമായി ബന്ധിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.കൂരിരുട്ട് നിറഞ്ഞ തുരങ്കത്തിനുള്ളിൽ വവ്വാലുകൾ ഇടം കണ്ടെത്തിയിരിക്കുകയാണ്. പ്രവേശന കവാടത്തിൽ ചെളിയും വെള്ളക്കെട്ടുമാണ്. ചരിത്ര പ്രധാന്യം മനസിലാക്കി പാതയോരത്തു നിന്നും ഇവിടെ എത്താനുള്ള പടിക്കെട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുകയും വിളക്കുകൾ ക്രമീകരിച്ച് ഉൾവശം പ്രകാശമാനമാക്കുകയും ഗുഹാമുഖം മോടിപിടിപ്പിക്കുകയും ചെയ്താൽ വിനോദ സഞ്ചാരികളെ ഇവിടേക്കാകർഷിക്കാനാകും.പ്രവേശന ഫീസ് ഏർപ്പെടുത്തിയാൽ മെച്ചപ്പെട്ട വരുമാനം ലഭിക്കുമെന്നതിനൊപ്പം ചരിത്രപരമായ നിർമ്മിതിക്ക് അർഹമായ പരിഗണനയും ലഭിക്കും.