
അടിമാലി: ക്രിസ്മസ് -പുതുവൽസര സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അടിമാലി കൂമ്പൻപാറ മഠംപടി ഭാഗത്ത് നടത്തിയ റെയ്ഡിൽ 1.100 കിലോ ഉണക്ക കഞ്ചാവും 9 ലിറ്റർ വ്യാജ മദ്യവും പിടികൂടി. കേസിലെ പ്രതി ഓടയ്ക്കാസിറ്റി കാരയ്ക്കാട്ട് മനു മണി (28 ) ഓടി രക്ഷപ്പെട്ടു. കൂമ്പൻപാറയിൽ മനു വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവെത്തിച്ച് വിൽപ്പന നടത്തുന്നുണ്ടെന്ന് എക്‌സൈസ് ഷാഡോ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.പരിശോധനയിൽ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും വ്യാജമദ്യവും കണ്ടെത്തുകയായിരുന്നു. എക്‌സൈസ് സംഘം എത്തിയതറിഞ്ഞ് പ്രതി ഓടി രക്ഷപ്പെട്ടു. അര ലിറ്ററിന്റെ 18 കുപ്പി മദ്യമാണ് കണ്ടെത്തിയത്. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം .കെ. പ്രസാദ് പറഞ്ഞു. മനു നേരത്തെ മൂന്ന് എക്സൈസ് കേസുകളിൽ പ്രതിയായിട്ടുള്ളയാളാണെന്ന് എക്സൈസ് അറിയിച്ചു.. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സി .എസ് .വിനേഷ്, കെ. എസ് .അസീസ്, ഗ്രേഡ് പി. ഒ മാരായ സാന്റി തോമസ്, കെ. വി .പ്രദീപ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ .എസ് .മീരാൻ, മാനുവൽ .എൻ .ജെ ,ഹാരിഷ് മൊയ്ദീൻ, സച്ചു ശശി ,ശരത് .എസ് .പി എന്നിവർ പങ്കെടുത്തു