cardukal-nirakkunnu

വൈക്കം : കുഞ്ഞിളം മനസുകളെ സന്തോഷിപ്പിക്കാൻ അദ്ധ്യാപകരുടെ സ്‌നേഹാന്വേഷണവുമായി ക്രിസ്മസ് ന്യൂ ഇയർ കാർഡുകൾ. ആശ്രമം എൽ.പി സ്‌കൂളിലെ ഹെഡ്മാസ്​റ്റർ പി.ടി.ജിനീഷും,​ 16 അദ്ധ്യാപകരും കുട്ടികൾക്ക് ക്രിസ്മസ് സന്ദേശ കാർഡുകൾ അയക്കാനുള്ള തിരക്കിലാണ്. പ്ലേ ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള 400 വിദ്യാർത്ഥികൾക്കാണ് സ്‌നേഹത്തിന്റെ സന്ദേശവും പുതുവർഷത്തിന്റെ നന്മയും നേർന്ന് ക്രിസ്മസ് കാർഡുകൾ പോസ്​റ്റ് ചെയ്യുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം അദ്ധ്യാപകരും കുട്ടികളുമായി ഇടപഴകാൻ കഴിയാത്ത സാഹചര്യത്തെ അതിജീവിക്കാൻ ക്രിസ്മസ് കാർഡുകൾ വഴി സ്‌നേഹബന്ധങ്ങൾ പുതുക്കുകയാണ് ലക്ഷ്യം.
സ്‌കൂളിന്റെ സേവന ചരിത്രത്തിൽ ആദ്യമായാണ് കുട്ടികൾക്ക് ക്രിസ്മസ് കാർഡുകളയച്ച് സ്‌നേഹാന്വേഷണം നടത്തുന്നത്. ക്രിസ്മസ് ന്യൂഇയർ കാർഡുകൾ മുഖ്യമന്ത്റിക്കും, വകുപ്പുമേധാവികൾക്കും, ജനപ്രതിനിധികൾക്കും അയക്കുമെന്ന് ഹെഡ്മാസ്​റ്റർ പി.ടി.ജിനീഷ് പറഞ്ഞു. ഹെഡ്മാസ്​റ്ററും അദ്ധ്യാപകരും കേക്ക് മുറിച്ച് മധുരം പങ്കുവച്ച് ക്രിസ്മസ് ആഘോഷം നടത്തി. അദ്ധ്യാപകരായ അമ്പിളി പ്രതാപ്, ആശ കെ. ചെല്ലപ്പൻ, രമ്യ കമലാസനൻ, ടി. എസ്. സംഗീത, സി. എസ്. സന്ദീപ്, പി.ആർ.സോണിയ, പ്രീഷ പ്രിൻസ് എന്നിവർ പങ്കെടുത്തു.