പൊൻകുന്നം:ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടുപേരുകൾ പരിഗണനയിൽ. എൽ.ഡി.എഫിന് വൻഭൂരിപക്ഷം ലഭിച്ച പഞ്ചായത്തിൽ ജനകീയനും പരിചയസമ്പന്നനുമായ ആൾ നേതൃസ്ഥാനത്ത് വരണമെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.മുതിർന്ന അംഗം ഐ.എസ് രാമചന്ദ്രൻ,അഡ്വ.സി.ആർ ശ്രീകുമാർ എന്നീ പേരുകളാണ് പറഞ്ഞുകേൾക്കുന്നത്.ദീർഘകാലം സി.പി.എം ലോക്കൽകമ്മിറ്റി സെക്രട്ടറി,നിലവിൽ വാഴൂർ ഏരിയാകമ്മിറ്റി അംഗം സി.ഐ.ടി.യു ജില്ലാകമ്മിറ്റി അംഗം എന്നീ നിലകളിലുള്ള പ്രവർത്തനമികവ് ഐ.എസ്.രാമചന്ദ്രന് തുണയാകുന്നു.
അഡ്വ.സി.ആർ.ശ്രീകുമാർ മുമ്പ് 10 വർഷക്കാലം ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.പൊൻകുന്നം സർവീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ്. സി.പി.എം ഏരിയ കമ്മിറ്റി അംഗം,കർഷകസംഘം ഏരിയകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗമായിരുന്നു.
ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ സി.പി.എമ്മിന്റെ ചെറുവള്ളി,പൊൻകുന്നം ലോക്കൽ കമ്മിറ്റികളിൽ ഇരുവരുടേയും പേരുകളാണ് പരിഗണനയിലുള്ളത്.എൽ.ഡി.എഫ് നേടിയ 14 വാർഡുകളിൽ 11 ഉം പൊൻകുന്നം ലോക്കലിൽ നിന്നുള്ളതായതിനാൽ 2ാം വാർഡിൽനിന്നു വിജയിച്ച ഐ.എസ്.രാമചന്ദ്രന്റെ പേരിനാണ് പാർട്ടിയിൽ മുൻതൂക്കം. മാത്രമല്ല 25 വർങ്ങളായി എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ കഴിഞ്ഞ 10 വർഷവും പ്രസിഡന്റ്,വൈസ് പ്രസിഡന്റ് സ്ഥാനത്ത് വന്നിട്ടുള്ള സി.പി.എം നേതാക്കളെല്ലാം ചെറുവള്ളി ലോക്കലിൽനിന്നുള്ളവരായിരുന്നു.ഇക്കുറി അതിന് മാറ്റം വരണമെന്നും പാർട്ടിയിൽ അഭിപ്രായമുയരുന്നുണ്ട്.