xmas

കോട്ടയം : പ്രതീക്ഷയുടെ വെളിച്ചത്തിൽ മിന്നിത്തിളങ്ങി ക്രിസ്മസ് വിപണി. ക്രിസ്മസിന് ഒരു ദിവസം ശേഷിക്കെ അലങ്കാര നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും പുൽക്കൂടുകളും വാങ്ങാനുള്ള അവസാനവട്ട തിരക്കാണ് കടകളിൽ.

പലനിറത്തിലും രൂപത്തിലും പുതുമയാർന്ന നക്ഷത്രങ്ങൾ ഇക്കുറിയുണ്ട്. എൽഇഡി, നിയോൺ നക്ഷത്രങ്ങൾക്കും ചുവപ്പും വെള്ളയും ഇടകലർന്ന വാൽനക്ഷത്രങ്ങൾക്കുമാണ് ഇക്കുറി ആവശ്യക്കാരേറെ. എൽഇഡി നക്ഷത്രങ്ങൾക്ക് വില 200 ന് മുകളിലേക്കാണ്. പുൽക്കൂടിനുള്ളിൽ തൂക്കുന്ന 10 രൂപയുടെ മുതൽ 1000 രൂപയുടെ വരെ കടലാസ് നക്ഷത്രങ്ങളും വിപണിയിലുണ്ട്.

പ്ലാസ്റ്റിക്, ഫൈബർ നാരുകളിൽ തീർത്ത വെളുത്ത ക്രിസ്മസ് ട്രീയാണ് മറ്റൊരു താരം. അലങ്കരിച്ച റെഡിമെയ്ഡ് ക്രിസ്മസ് ട്രീകൾ തേടിയും ആളുകളെത്തുന്നുണ്ട്. 500 മുതൽ 3000 വരെയാണ് പച്ച നിറത്തിലെ ക്രിസ്മസ് ട്രീകളുടെ വില. അലങ്കാര വസ്തുക്കൾക്ക് പൊള്ളുന്ന വിലയാണെങ്കിലും ട്രീകൾ ഭംഗിയാക്കാൻ ക്രിസ്മസ് ബോളുകളും സമ്മാനപ്പൊതികളും മണികളുമൊക്കെ തേടി പല കടകൾ കയറിയിറങ്ങുന്നവർ ധാരാളം. തടിയിലും മുളയിലും തീർത്ത പുൽക്കൂടുകൾക്കും ആവശ്യക്കാരേറെ. ഈറ്റ, ചൂരൽ, കാർഡ്‌ബോർഡ്, പ്ലാസ്റ്റർ ഒഫ് പാരീസ്, തെർമോക്കോൾ എന്നിവയിൽ തീർത്ത പുൽക്കൂടുകളും സുലഭമാണ്.

ഇത്തവണ കരോൾ സംഘങ്ങൾ കുറവാണെങ്കിലും സാന്താക്ലോസ് വേഷത്തിന് ആവശ്യക്കാരുണ്ട്. 90 മുതൽ 240 രൂപ വരെയാണ് മുഖം മൂടിയുടെ വില. 260 രൂപ മുതൽ 1200 രൂപ വരെ വിലയുള്ള സാന്താക്ലോസ് വേഷങ്ങളും തയ്യാർ. എൽ.ഇ.ഡി ലൈറ്റ് പിടിപ്പിച്ച ക്രിസ്മസ് തൊപ്പികളുമുണ്ട്. ക്രിസ്മസ് മണികളും മാനുകളും തേടിയും ആളുകൾ എത്തുന്നുണ്ട്. ട്രീകളിൽ ഇടുന്ന 30 രൂപയുടെ മണി മുതൽ 1200 രൂപ വരെയുള്ള ക്രിസ്മസ് മണികളും കടകളിലുണ്ട്. മാനുകൾക്ക് വില 1000 കടക്കും.

കേക്ക്,വൈൻ വിപണി

ക്രിസ്മസിന് ആഴ്ചകൾക്ക് മുൻപ് ഉണർന്ന കേക്ക്,വൈൻ വിപണി പുതുവർഷം വരെ നീളുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. വിവിധ ഫ്ലേവറിൽ കേക്കുകൾ ലഭ്യമാണെങ്കിലും ക്രിസ്മസ് സന്ധ്യയിലേക്ക് ആളുകൾ ആവശ്യപ്പെടുന്നത് പ്ലം കേക്കുകളാണ്. കേക്കും വൈനും ഡ്രൈ ഫ്രൂട്ട്‌സും അടങ്ങുന്ന ഗിഫ്റ്റ് ഹാംപറുകളാണ് ബേക്കറിയിൽ ഏറ്റവുമധികം വിറ്റുപോകുന്നത്. കൊവിഡ് കാലത്തും വിപണി ലാഭം നേടിത്തരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.