prvu

ചങ്ങനാശേരി : സെൻട്രൽ ജംഗ്ഷനിൽ വാഴൂർ റോഡിൽ നിത്യ സൂപ്പർമാർക്കറ്റിന്റെ നെയിംബോർഡിനുള്ളിൽ കുടുങ്ങിപ്പോയ പ്രാവിന് പുതുജീവനേകി സി.ഐ.ടി.യു തൊഴിലാളികളും ഫയർഫോഴ്‌സും. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. കെട്ടിടത്തിനു മുകളിലേ നെയിം ബോർഡിനുള്ളിലേക്ക് പറന്നു കയറുന്നതിനിടെയാണ് പ്രാവിന്റെ ചിറക് കുടുങ്ങിയത്. സമീപത്ത് നിന്ന തൊഴിലാളി യൂണിയൻ അംഗങ്ങൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നെയിം ബോർഡ് ഉയരത്തിലായിരുന്നതിനാൽ സാധിച്ചില്ല. തുടർന്ന് തൊഴിലാളികൾ ചങ്ങനാശേരി ഫയർഫോഴ്‌സ് ഓഫീസിൽ നേരിട്ടെത്തി അറിയിച്ചു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വാഹനത്തിന്റെ മുകളിൽ കയറി പ്രാവിനെ നെയിംബോർഡിനിടയിൽ നിന്ന് രക്ഷിച്ച് തൊഴിലാളികൾക്ക് കൈമാറി. തുടർന്ന് വെള്ളവും തീറ്റയും കൊടുത്തു. ചിറകിന് പരിക്കേറ്റതിനാൽ പ്രാവിന്റെ സംരക്ഷണവും ഇവർ ഏറ്റെടുത്തു. തൊഴിലാളി യൂണിയൻ അംഗങ്ങളായ ശശി ജോസഫ്, കെ.ബി.ശിവാനന്ദൻ, ഷിബു രാജപ്പൻ, പത്രം ഏജന്റ് പി.എ.നാസർ, കെ.ബി. സുധാകരൻ, സി.കെ.മനോജ് എന്നിവരാണ് പ്രാവിന് രക്ഷകരായി മാറിയത്. ചങ്ങനാശേരി ഫയർ ഫോഴ്‌സ് സീനിയർ ഫയർ ഓഫീസർ ഹരേഷ് കുമാറിന്റെ നേതൃത്വത്തിൽ മനോജ് കുമാർ, നൗഫൽ, കെ.എസ്.ആന്റണി, അനീഷ്, അരുൺ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കി.