
കോട്ടയം : നവകേരളത്തിന്റെ കുതിപ്പിന് ജില്ലയിലെ വികസന പ്രശ്നങ്ങളും ,ആവശ്യങ്ങളും ,പരിഹാര നിർദ്ദേശങ്ങളും ചർച്ച ചെയ്യുന്നതിന് വികസന നായകനായി മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയത്തെത്തി. വ്യത്യസ്ത മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 പ്രമുഖരുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തി. രണ്ടുമണിക്കൂർ നീണ്ട സംവാദത്തിലെ ക്രിയാത്മക നിർദ്ദേശങ്ങൾ ഇടതുസർക്കാരിന്റെ അടുത്ത പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.
കൊവിഡ് നിയന്ത്രണത്താൽ ചർച്ച അമ്പതു പേരിൽ ഒതുക്കുന്നതിന് സമുദായ സംഘടനാ നേതാക്കളെ ഒഴിവാക്കി സാങ്കേതിക വിദഗ്ദ്ധർ, പ്രൊഫഷണലുകൾ, ചെറുകിട വ്യവസായ മേഖല പ്രവർത്തകർ, വ്യാപാര സംഘടനാ പ്രതിനിധികൾ. ടൂറിസം ഹൗസ് ബോട്ട് പ്രതിനിധികൾ, സഹകാരികൾ, കാർഷിക മേഖല വിദഗ്ദ്ധർ, റബർ-നെൽകൃഷി മേഖലയിലുള്ളവർ, വിദ്യാഭ്യാസ മേഖലയിലുള്ളവർ, ആരോഗ്യ, കലാ സംസ്കാരിക മേഖലയിലെ പ്രമുഖർ, പരിസ്ഥിതി വിദഗ്ദ്ധർ, ബസ് ഉടമാ പ്രതിനിധികൾ തുടങ്ങിയവരുമായി ചർച്ച നടത്തി.
പ്രകടന പത്രികയിലെ 600 കാര്യങ്ങളിലെ 30 എണ്ണം ഒഴിച്ച് ബാക്കി മുഴുവൻ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി, ജോസ് കെ മാണി, സുരേഷ് കുറുപ്പ്, സി.കെ.ആശ, കെ.ജെ.തോമസ്, വി.എൻ.വാസവൻ, മാണി സി കാപ്പൻ, പ്രകാശ് ബാബു, തുടങ്ങിയവർ പങ്കെടുത്തു.
വിവാദങ്ങളിൽ സർക്കാർ ഉലഞ്ഞില്ല
മഹാമാരിയും പ്രളയവും അടക്കം പ്രതിസന്ധികളിൽ സർക്കാർ വിറങ്ങലിച്ച് നിൽക്കാതെ ശരിയായ രീതിയിലുള്ള കേരള പുനർ നിർമാണത്തിനാണ് ശ്രമിച്ചത്. വിവാദങ്ങളിൽ സർക്കാർ ഉലഞ്ഞില്ല. നാടിന് ഗുണകരമായ വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ ഉണ്ടായ എതിർപ്പുകൾ വകവച്ചില്ല. ആർക്കു മുന്നിലും കീഴടങ്ങിയില്ല. ദേശീയപാത വികസനം, ഇടമൺ കൊച്ചി വൈദ്യുതി പദ്ധതി, ഗെയിൽ പൈപ്പുലൈൻ പദ്ധതി തുടങ്ങിയവ നടക്കില്ലെന്ന് പറഞ്ഞ് മുൻ സർക്കാർ ഉപേക്ഷിച്ച പദ്ധതികൾ ഒന്നൊന്നായി നടപ്പാക്കിയപ്പോൾ എല്ലാം ഇടതുമുന്നണി നടപ്പാക്കുമെന്ന് ജനങ്ങൾ വിശ്വസിക്കുന്ന സ്ഥിതി വിശേഷം കേരളത്തിലുണ്ടാക്കാനായെന്നും പിണറായി പറഞ്ഞു.
ഇനി വേണ്ടത് പ്രത്യാശ
കോട്ടയത്ത് മീനച്ചിലാർ മീനന്തറയാർ പദ്ധതി വഴി ഏക്കർ കണക്കിന് തരിശുഭൂമി കൃഷി യോഗ്യമാക്കി, ചാലുകൾ തെളിച്ചു നദികളിൽ ഒഴുക്കുണ്ടാക്കി, ജനകീയ പങ്കാളിത്തത്തോടെയുള്ള നദീ പുനർ സംയോജനം പുത്തൻ വികസന സംസ്കാരമായി. നിരാശയല്ല ഇനി പ്രത്യാശയാണ് വേണ്ടത്. അതിനാണ് പ്രമുഖരുടെ അഭിപ്രായം സർക്കാർ തേടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.