ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ ഉപദേവതയായ അയ്യപ്പന് മണ്ഡലകാല സമാപന ശനിയാഴ്ച നെയ്യഭിഷേകവും തേനഭിഷേകവും നടത്തും. എള്ളുപായസ നിവേദ്യമുണ്ടായിരിക്കും. മണ്ഡലകാലത്ത് ഉപദേവതയായ അയ്യപ്പസ്വാമിക്ക് നെയ്യഭിഷേകം നടത്തുന്ന ഏക ക്ഷേത്രമാണിത്. മുൻ വർഷങ്ങളിൽ മണ്ഡലകാലത്തെ എല്ലാ ശനിയാഴ്ചകളിലും നെയ്യഭിഷേകവും തേനഭിഷേകവും നടത്തിയിരുന്നു. ഇത്തവണ കൊവിഡ് പശ്ചാത്തലത്തിലാണ് മണ്ഡലകാല സമാപന ശനിയാഴ്ച മാത്രം നെയ്യഭിഷേകം നടത്താൻ തീരുമാനിച്ചതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ശുദ്ധമായ നെയ്യും തേനും ശനിയാഴ്ച രാവിലെ 7 മണിയോടെ ഭക്തർക്ക് നേരിട്ട് ക്ഷേത്രത്തിലെത്തിക്കാം. 26ന് പുലർച്ചെ 6ന് ഗണപതിഹോമം, 6.30 മുതൽ ഉമാമഹേശ്വരന്മാർക്ക് വിശേഷാൽ പൂജകൾ. 8.30ന് അയ്യപ്പന് നെയ്യഭിഷേകവും തേനഭിഷേകവും ആരംഭിക്കും. തുടർന്ന് എള്ളുപായസ നിവേദ്യത്തോടെ പ്രത്യേക പൂജകൾ നടക്കും. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. നെയ്യഭിഷേകത്തിനും എള്ളുപായസത്തിനും ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ: 9745260444.