vijayan

കോട്ടയം: കൊച്ചി മംഗലാപുരം വാതക ലൈൻ പദ്ധതി ഉദ്ഘാടനം ജനുവരിയിൽ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി സമ്മതിച്ചു. തീയതി അടുത്ത ദിവസം അറിയിക്കും. കേരള പര്യടനത്തിന്റെ ഭാഗമായി കോട്ടയത്ത് വിവിധ മേഖലയിലുള്ള വിദഗ്ദ്ധരുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മഹാപ്രളയവും മഹാമാരിയും തടസം നിന്നിട്ടും പ്രകടന പത്രികയിലെ 600 ഇനങ്ങളിൽ 570 ഇനങ്ങളും ഇതിനകം നടപ്പാക്കി. മാനിഫെസ്റ്റോയിൽ പറയാത്ത കാര്യങ്ങളും നടപ്പാക്കി. ഇടതു മുന്നണി അധികാരത്തിൽ വന്നാൽ എല്ലാം നടപ്പാക്കുമെന്ന വിശ്വാസം ജനങ്ങളിൽ ഉണ്ടാക്കാൻ കഴിഞ്ഞു. സർവതലങ്ങളെയും സ്പർശിച്ചു സാമൂഹ്യ നീതിയുടെ അടിസ്ഥാനത്തിൽ നാടാകെ വികസനമെന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇനി നിരാശയല്ല പ്രത്യാശയാണ് വേണ്ടെതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലത്തെ യോഗത്തിൽ നിന്ന് എൻ.എസ്.എസ് പ്രതിനിധികൾ വിട്ടു നിന്ന സാഹചര്യത്തിൽ കോട്ടയത്തെ മുഴുവൻ സമുദായ സംഘടനാ നേതാക്കളെയും ഒഴിവാക്കി മറ്റു മേഖലകളിലെ 50 വിദഗ്ദ്ധരാണ് യോഗത്തിൽ പങ്കെടുത്തത്. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി, ജോസ് കെ. മാണി, സുരേഷ് കുറുപ്പ്, സി.കെ.ആശ, കെ.ജെ.തോമസ്, വി.എൻ.വാസവൻ, മാണി സി കാപ്പൻ, പ്രകാശ് ബാബു, തുടങ്ങിയവർ പങ്കെടുത്തു.