പാലാ: മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി സി.പി.എമ്മും കേരളാകോൺഗ്രസ് ജോസ് വിഭാഗവും തമ്മിൽ തർക്കം. ഇരുവിഭാഗവും ആദ്യ ഊഴം പ്രസിഡന്റ് പദവി വേണമെന്ന് ആവശ്യമുയർത്തിയിരിക്കുകയാണ്.
13 അംഗം ഭരണസമിതിയിൽ 3 സീറ്റിൽ സി.പി.എമ്മും ഒരു സീറ്റിൽ പൊതുസ്വതന്ത്രയും ഒരു സീറ്റിൽ സി.പി.ഐയും മൂന്ന് സീറ്റിൽ കേരളാകോൺഗ്രസ് ജോസ് കെ. മാണി വിഭാഗം സ്ഥാനാർത്ഥികളുമാണ് വിജയിച്ചത്. എട്ട് സീറ്റുകളാണ് മീനച്ചിലിൽ ഇടതുമുന്നണിക്ക് ഉള്ളത്.
സി.പി.എമ്മിലെ ജോയി കുഴിപ്പാലയെ പ്രസിഡന്റാക്കാനാണ് ഒരു വിഭാഗം ആഗ്രഹിക്കുന്നത്. പ്രസിഡന്റ് സ്ഥാനം മാണി ഗ്രൂപ്പിനാണെങ്കിൽ സാജോ പൂവത്താനിയായിരിക്കും പ്രസിഡന്റാവുക. ഒരു പൊതു സ്വതന്ത്രൻ ഉൾപ്പെടെ യു.ഡി.എഫിന് മൂന്ന് സീറ്റുകളും ബി.ജെ.പിക്ക് രണ്ട് സീറ്റുകളുമുണ്ട്.
കേരളാകോൺഗ്രസിലെ പടലപ്പിണക്കങ്ങളാണ് മീനച്ചിലിലെ തിരഞ്ഞെടുപ്പിൽ നേരിട്ട പ്രധാന പ്രശ്‌നമെന്ന് ആക്ഷേപമുയർന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾതന്നെ സി.പി.എമ്മിലെ ജോയി കുഴിപ്പാല പ്രസിഡന്റാകുമെന്ന് പ്രചാരണമുണ്ടായിരുന്നു. പിന്നാലെ സീറ്റിന് അവകാശവാദവുമായി ജോസ് കെ. മാണി വിഭാഗവും രംഗത്തുവരികയായിരുന്നു.
സി.പി.എമ്മിന് ഭൂരിപക്ഷമുണ്ടെങ്കിലും ജോസ് കെ. മാണിയുടെ ആഗ്രഹപ്രകാരം ഇവിടെ ആദ്യടേമിൽ മാണി ഗ്രൂപ്പിന് തന്നെ സീറ്റ് കിട്ടാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ സാജോ പൂവത്താനി പ്രസിഡന്റാകും. എന്നാൽ ജോസ് ഗ്രൂപ്പിലെ തന്നെ ഒരു വിഭാഗം സാജോയുടെ പ്രസിഡന്റ് പദവി തട്ടിക്കളയാൻ ഒളിഞ്ഞും തെളിഞ്ഞും നീക്കങ്ങൾ നടത്തുന്നതായി ആരോപണമുയർന്നിട്ടുണ്ട്. ഇവരുടെ പിന്തുണ സി.പി.എം പ്രതിനിധി ജോയി കുഴിപ്പാലയ്ക്കാണെന്നും പറയപ്പെടുന്നു.