രാമപുരം: ഗ്രാമപ്പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനത്തെപ്പറ്റി ഉടൻ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് ഇന്നലെ വൈകിട്ട് ചേർന്ന രാമപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ നേതാക്കൾ പറഞ്ഞു.മൂന്നാം വട്ടവും തിരഞ്ഞെടുക്കപ്പെട്ട ഈഴവ സമുദായക്കാരിയായ ഷൈനി സന്തോഷിന് പ്രസിഡന്റ് സ്ഥാനം കൊടുക്കാതിരിക്കാൻ മണ്ഡലം കമ്മിറ്റിയിലെ ചില നേതാക്കൾ നടത്തുന്ന നീക്കം ' കേരള കൗമുദി ' റിപ്പോർട്ട് ചെയ്തിരുന്നു.ഇന്നലെ യോഗത്തിൽ കേരളകൗമുദി വാർത്ത ചർച്ചാ വിഷയമായി. വാർത്തയ്ക്ക് എതിരായി ഷൈനിയോട് മറുപടി പ്രസ്താവന കൊടുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറല്ലെന്ന് ഷൈനി പറഞ്ഞു.
ക്രിസ്തുമസ് കഴിഞ്ഞാലുടൻ ജോസഫ് വാഴയ്ക്കൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന യോഗത്തിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്നും മണ്ഡലം പ്രസിഡന്റ് മോളിപീറ്റർ വ്യക്തമാക്കി. അന്ന് തന്നെ പാർലമെന്ററി പാർട്ടി ലീഡറേയും തിരഞ്ഞെടുക്കും. കോൺഗ്രസ് മെമ്പർമാരായ ഷൈനി സന്തോഷ്, കെ.കെ. ശാന്താറാം, റോബി തോമസ്, മനോജ് ചീങ്കല്ലേൽ, ആൽബിൻ അലക്‌സ്, സൗമ്യ സേവ്യർ എന്നിവരെ സമ്മേളനത്തിൽ അനുമോദിച്ചു.റോയി മാത്യു, ബെന്നി താന്നിക്കൽ, ജോയി മടത്തോട്ടം എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് മോളി പീറ്റർ അദ്ധ്യക്ഷത വഹിച്ചു.