വൈക്കം: വൈക്കം നഗരസഭയിൽ ഭരണകക്ഷിയാകാനുള്ള തയ്യാറെടുപ്പിൽ യു.ഡി.എഫ്. എന്നാൽ 26 അംഗ കൗൺസിലിൽ 11 അംഗങ്ങളുടെ ബലത്തിൽ ഭരിക്കുക ദുഷ്‌കരമാവും.യു.ഡി.എഫ് 11, എൽ.ഡി.എഫ് 9, ബി.ജെ.പി 4 സ്വതന്ത്രർ 2 എന്നതാണ് നഗരസഭയിലെ കക്ഷിനില. സ്വതന്ത്രർ ഒപ്പം ചേർന്നാലും എൽ.ഡി.എഫിന് യു.ഡി.എഫു.മായി ഒപ്പത്തിനൊപ്പം എത്താൻ മാത്രമേ കഴിയൂ. ബി.ജെ.പിയും പ്രതിപക്ഷമായി ഉണ്ടാവും. സുസ്ഥിര ഭരണത്തിന് 14 അംഗങ്ങൾ വേണമെന്നതിനാൽ എൽ.ഡി.എഫ് ഭരണം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളൊന്നും നടത്തുന്നില്ല. യു.ഡി.എഫ് നേതാക്കൾ സ്വതന്ത്രരുടെ പിന്തുണ ലഭിക്കാൻ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളൊക്കെ വാഗ്ദാനം ചെയ്തിരുന്നു. ആരുടെയും പക്ഷം ചേരില്ലെന്നും ചെയർമാൻ, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന നിലപാടിലാണ് സ്വതന്ത്രർ. ബി.ജെ.പിക്ക് ഈ സ്ഥാനങ്ങളിലേക്ക് സ്വന്തം സ്ഥാനാർത്ഥികളുണ്ടാവും. ഈ സാഹചര്യത്തിൽ യു.ഡി.എഫിന്റെ ചെയർമാൻ വൈസ് ചെയർമാൻ സ്ഥാനാർത്ഥികൾ വിജയിക്കും. ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ കിട്ടുമ്പോൾ യു.ഡി.എഫ് ഭരണമെന്ന് പറയാമെങ്കിലും കൗൺസിലിൽ ഭൂരിപക്ഷമില്ലാത്തതിനാൽ ഭരിക്കുക അത്ര എളുപ്പമാവില്ല. ഓരോ ആറുമാസമെത്തുമ്പോഴും അവിശ്വാസ പ്രമേയങ്ങൾ പ്രതീക്ഷിക്കാം. ഭരണകക്ഷിയുടെ താത്പര്യങ്ങൾക്കനുസൃതമായി തീരുമാനമെടുക്കുന്നതും അത് നടപ്പാക്കുന്നതുമൊക്കെ പ്രയാസകരമാവും.

ചെയർപേഴ്‌സൺ: തീരുമാനത്തിലെത്താതെ കോൺഗ്രസ്

യു.ഡി.എഫിൽ 10 കോൺഗ്രസ് അംഗങ്ങളും ഒരു കേരള കോൺഗ്രസ് അംഗവുമാണുള്ളത്. ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ കോൺഗ്രസിനുള്ളതാണ്. ചെയർമാൻ സ്ഥാനം ഇവിടെ ഇക്കുറി വനിതാ സംവരണമാണ്. പതിനേഴാം വാർഡിൽ നിന്ന് വിജയിച്ച രാധിക ശ്യാം, അഞ്ചാം വാർഡിൽ നിന്ന് വിജയിച്ച രേണുക രതീഷ്, 21 ാം വാർഡ് കൗൺസിലർ പ്രീത രാജേഷ് എന്നിവരുടെ പേരുകളാണ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എൻ.എസ്.എസിന്റെ നിലപാട് ഇതിൽ നിർണായകമാണ്. എൻ.എസ്.എസ് താത്പര്യമനുസരിച്ച് രാധിക ശ്യാമിനാണ് സാദ്ധ്യത കൂടുതൽ.
വൈസ് ചെയർമാൻ സ്ഥാനത്തേക്ക് 9ാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പി.ടി.സുഭാഷിന്റെ പേരാണ് പരിഗണനയിലുള്ളത്. അഞ്ചാം തവണ നഗരസഭ കൗൺസിലിൽ എത്തുന്ന പി.ടി.സുഭാഷ് നിലവിലുള്ള കൗൺസിൽ അംഗങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അംഗമാണ്.