rosna

ചങ്ങനാശേരി: കാശ് കളയണ്ട, ക്രിസ്മസ് അലങ്കാര വസ്തുക്കൾ വീട്ടിലെ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കാം. ക്രിസ്മസ് ട്രീ അലങ്കരിക്കുന്നതിനു ആവശ്യമായ വസ്തുക്കൾ പാഴ്‌വസ്തുക്കളിൽ നിന്നും നിർമ്മിച്ച് മാതൃകയാകുകയാണ് വിദ്യാർത്ഥിനി. മാമ്മൂട് സ്വദേശി റോസ്‌ന ആണ് വ്യത്യസ്തമായ ട്രീയ്ക്ക് ആവശ്യമായ വസ്തുക്കൾ നിർമ്മിക്കുന്നത്. ഡിസംബർ ആരംഭിക്കുന്നതോടെ ട്രീ അലങ്കരിക്കുന്നതിനുള്ള വിവിധ വർണ്ണത്തിലും വ്യത്യസ്തവും ആകർഷകമായ വസ്തുക്കൾ ഓരോ വർഷവും വിപണിയിൽ ഇറങ്ങുന്നുണ്ട്. എന്നാൽ, അല്പം സമയം ചെലവഴിച്ചാൽ അലങ്കാര വസ്തുക്കൾ ആർക്കും സ്വയം നിർമ്മിക്കാമെന്നു കൂടി കാണിച്ചു തരികയാണ് ഈ വിദ്യാർത്ഥിനി. ക്രിസ്മസ് അപ്പൂപ്പന്റെ വടി, വലുതും ചെറുതുമായ നക്ഷത്രങ്ങൾ, ക്രിസ്മസ് റീത്ത്, ബോളുകൾ, ഗിഫ്റ്റുകൾ, പിസ്ത ഉപയോഗിച്ച് നിർമ്മിച്ച സ്തൂപം, പേപ്പർ തോരണങ്ങൾ തുടങ്ങി നിരവധി വസ്തുക്കളാണ് ട്രീ അലങ്കാരത്തിനായി നിർമ്മിച്ചിരിക്കുന്നത്. ബുക്കിന്റെ കവർ പേജ്, ബുക്ക് പേപ്പർ, പരിപ്പ്, പിസ്തഷെൽ, ടോയ്‌നൂൽ, ഓയിൻമെന്റ് കവറുകൾ, ലെയ്‌സ് കവർ, മിഠായി കവറും വർണ്ണക്കടലാസ് മിഠായി കവർ, ന്യൂസ് പേപ്പർ, പ്ലാസ്റ്റിക് കവർ, ചിരട്ട, പശ, പെയിന്റ്, കാർഡ് ബോർഡുകൾ എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം. ഇതിൽ ഏറ്റവും പ്രധാനം പിസ്തയുടെ തോട് ഉപയോഗിച്ചുള്ള റീത്ത് നിർമ്മാണവും സ്തൂപവുമാണ്. ഓരോ വസ്തുക്കൾ നിർമ്മിക്കുന്നതിനും ദിവസങ്ങൾ ചിലവഴിക്കേണ്ടതായി വരുന്നുണ്ടെന്ന് റോസ്‌ന പറയുന്നു. അലങ്കാര വസ്തുക്കൾ കൂടാതെ ബോട്ടിൽ ആർട്ട്, ചിരട്ട ഉപയോഗിച്ച് പാവ നിർമ്മാണവുമുണ്ട്. അസംപ്ഷൻ കോളേജിൽ നിന്നും ബികോം ബിരുദ പഠനത്തിനുശേഷം ചങ്ങനാശേരി ഐ ടി പാർക്കിൽ ടാലി പഠിക്കുകയാണ് റോസ്‌ന. മാന്നില പെരുവേിൽ ജോസ് ഓമന ദമ്പതികളുടെ മകളാണ്. സഹോദരൻ: റോബിൻ. പ്രതികരണം വീട്ടിലെ പാഴ് വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയപ്പെടാതിരിക്കാനും കണ്ണിനു കുളിർമയേകുന്ന അലങ്കാര വസ്തുക്കൾ നിർമ്മിക്കാൻ ഇവ ഉപകരിക്കപ്പെടും. ചെറിയ കുട്ടികൾ ഉൾപ്പെടെ ഉള്ളവർക്ക് ഇവ ഉപയോഗിച്ച് വ്യത്യസ്തമായ അലങ്കാര വസ്തുക്കൾ നിർമ്മിക്കാൻ തന്റെ കലാവിരുത് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് റോഷ്ന.