scooby

ചങ്ങനാശേരി: പരിചയമില്ലാത്ത ആരെങ്കിലും കൂടിനടത്തേക്ക് ചെന്നാൽ സ്‌കൂബി കുരച്ച് പേടിപ്പിക്കില്ല, പകരം ചെറുചിരിയോടെ ഒരു കൈ ഇല്ലാതെ നടന്ന് അടത്തേക്ക് വരും. അപകടത്തിൽ ക്ഷതമേറ്റ സ്‌കൂബി എന്ന നായ ആണ് ആശുപത്രി ജീവനക്കാരുടെ തണലിൽ ചങ്ങനാശേരി പെരുന്നയിലെ മൃഗാശുപത്രിയിൽ കഴിയുന്നത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ആശുപത്രിയിലെ ഓരോ ജീവനക്കാരുടെയും പ്രിയപ്പെട്ടവനായി മാറി സ്‌കൂബി. ബിസ്‌ക്കറ്റും ഡോഗ് ഫുഡും സ്‌കൂബിക്ക് താല്പര്യമില്ല, ചോറും മീനുമാണ് അവന്റെ പ്രിയ ഭക്ഷണമെന്ന് ജീവനക്കാർ പറയുന്നു. ആശുപത്രി ജീവനക്കാരിയായ സുഷമയാണ് സ്‌കൂബിക്ക് ഭക്ഷണം എത്തിച്ചു നല്കുന്നത്. പരിമിതികളിൽ നിന്നുകൊണ്ട് വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ ഒരു പങ്ക് സ്‌കൂബിക്കുമായി കൊണ്ടുവരികയാണ് ചെയ്യുന്നത്. പ്രദേശത്തെ സ്ഥാനാർത്ഥിയും ചങ്ങനാശേരി മൃഗാശുപത്രിക്കാരുമാണ് സ്‌കൂബിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്.

ഡിസംബർ 1ന് കടമാൻചിറ ഭാഗത്ത് റോഡരികിൽ അപകടത്തിൽപ്പെട്ട് കൈയ്ക്ക് ക്ഷതമേറ്റ സ്‌കൂബിയെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് സ്ഥാനാർത്ഥിയായിരുന്ന എസ്.രാജേന്ദ്രൻ കാണുന്നത്. ചങ്ങനാശേരി മൃഗാശുപത്രിയിൽ അറിയിക്കുകയും ഡോ.ബിജുവിന്റെ നിർദേശപ്രകാരം ഫ്രണ്ട്‌സ് ഒഫ് ആനിമൽസ് എന്ന സംഘടനയിലെ അംഗവും നായ പിടിത്തത്തിൽ പരിശീലനം നേടിയ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നായയെ ആശുപത്രിയിൽ എത്തിച്ചു. കൈയ്യിലെ എല്ല് പൊട്ടി ഒടിഞ്ഞു തൂങ്ങിയ നിലയിലും മുറിവ് അഴുകി പുഴുവരിച്ച നിലയിലുമായിരുന്നു സ്‌കൂബി. നായയുടെ ജീവന് ഭീഷണിയാകാതെ പഴയ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാൻ അസിസ്റ്റന്റ് വെറ്റിനറി ഡോ.സ്‌നെല്ലയുടെ നേതൃത്വത്തിൽ സർജറി നടത്തി നായയുടെ കൈ മുറിച്ചു മാറ്റുകയായിരുന്നു. ട്രെയിനികളായ പാർവ്വതി, പ്രിയങ്ക, മറ്റ് ആശുപത്രി ജീവനക്കാരും സർജറിക്ക് സഹായികളായി. ബുധനാഴ്ച്ച ഡോ.ബിജുവിന്റെ നേതൃത്വത്തിൽ വന്ധ്യകരണവും സ്‌കൂബിക്ക് നടത്തി. കൈകാലുകൾ നഷ്ടപ്പെടുന്ന നായകൾ നടക്കുന്നതിനായി സ്വയം പര്യാതരാകും അതിനാൽ സ്‌കൂബിക്ക് മറ്റ് പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ആശുപത്രി നിയമം അനുസരിച്ച് ചികിത്സയ്ക്കും പരിചരണത്തിനും ശേഷം നായയെ എവിടെ നിന്നാണോ കൊണ്ടുവന്നത് അവിടെയ്ക്ക് തന്നെ തിരികെ എത്തിക്കുകയാണ് ചെയ്യുന്നത്. ആശുപത്രിയിൽ ഇത്തരത്തിലുള്ള നായകളെ സംരക്ഷിക്കുന്നതിനുള്ള സൗകര്യം ഇല്ലാത്തതും 24 മണിക്കൂർ സേവനം ഇല്ലാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ആശുപത്രി പരിസരത്ത് സ്കൂബി ഹാപ്പിയാണെങ്കിലും സന്മനസുള്ള ആരെങ്കിലും സ്‌കൂബിയെ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതരും ജീവനക്കാരും.