
കോട്ടയം: ഇടുക്കി ഡാം സന്ദർശകർക്കായി തുറന്നുകൊടുത്തു. ജല സംഭരണിയിൽ പുതുതായി ആരംഭിച്ച ചങ്ങാടയാത്രയ്ക്കായി ആയിരങ്ങൾ എത്തിത്തുടങ്ങി. വരുംദിവസങ്ങളിൽ അഡ്വഞ്ചർ ടൂറിസം ഉൾപ്പെടുത്തി വിപുലീകരിച്ചിരിക്കുന്ന ഹിൽവ്യൂ പാർക്കുമെല്ലാം സന്ദർശകരെക്കൊണ്ട് നിറയും. ഇടുക്കി ഡാം കാണാൻ ക്രിസ്മസ് ദിനത്തിൽ എത്തിയത് 3,000ലധികം ടൂറിസ്റ്റുകളാണ്.
ഡാം തുറന്നുകൊടുത്തുവെന്നറിഞ്ഞ് വ്യാഴാഴ്ച മുതലേ ഇടുക്കിയിലേക്ക് സന്ദർശകർ എത്തിത്തുടങ്ങിയിരുന്നു. ഇടുക്കിയുടെ പ്രാന്തപ്രദേശത്തുനിന്നാണ് കഴിഞ്ഞദിവസം കൂടുതലായും സന്ദർശകർ എത്തിയത്. കേരളത്തിനകത്തു നിന്ന് തമിഴ്നാട്ടിൽ നിന്നും കൂടുതൽ ആളുകൾ വരുംദിനങ്ങളിൽ എത്തുമെന്നാണ് ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കണക്കുകൂട്ടൽ. ചെറുതോണി ഡാമിലും സന്ദർശനം അനുവദിച്ചിട്ടുണ്ട്.
തൊമ്മൻകുത്ത് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കും സന്ദർശകർ എത്തിതുടങ്ങിയിട്ടുണ്ട്. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായാണ് വിനോദ സഞ്ചാരികൾക്ക് വ്യാഴാഴ്ച മുതൽ സന്ദർശനം അനുവദിച്ചത്. കൊവിഡ് വ്യാപകമായതോടെ ഇടുക്കി ഡാമിലേക്ക് സന്ദർശകർക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പത്തു മാസങ്ങൾക്ക് ശേഷമാണ് വ്യാഴാഴ്ച സന്ദർശകർക്ക് ഇവിടെ പ്രവേശിക്കാൻ അനുമതി നല്കിയത്. ജനുവരി 16 വരെയാണ് സന്ദർശനം അനുവദിച്ചിട്ടുള്ളത്. ടൂറിസ്റ്റുകൾക്ക് എല്ലാദിവസവും ഡാം സന്ദർശിക്കാം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും സന്ദർശകരെ ഡാമിലേക്ക് കടത്തിവിടുക. 10 വയസിൽ താഴെയുള്ളവർക്കും 65 വയസിന് മുകളിലുള്ളവർക്കും സന്ദർശനാനുമതിയില്ല.
കൊവിഡ് പശ്ചാത്തലത്തിൽ ചില നിയന്ത്രണങ്ങളോടെ ഏതാനും നാളുകളായി ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും അണക്കെട്ടുകൾ സന്ദർശകർക്കായി തുറന്നുകൊടുത്തിരുന്നു. തൊമ്മൻകുത്ത് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചുവെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കൊറോണ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 10 മുതലാണ് ഇവിടേക്കുള്ള പ്രവേശനം തടഞ്ഞത്.
ഡാമിലും പരിസര പ്രദേശങ്ങളിലും മാലിന്യ സംസ്ക്കരണം നടത്തുന്നതിനുളള സജ്ജീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് സർക്കാർ നിഷ്കർഷിച്ചിട്ടുണ്ട്. കൂടാതെ രണ്ടു ഡാം സൈറ്റുകളിലും താൽക്കാലിക ടോയ്ലറ്റ് നിർമ്മിക്കണം. സി.സി.ടി.വി കാമറ നിരീക്ഷണത്തിലൂടെയും മെറ്റൽ ഡിറ്റക്ടറുടെ സഹായത്തോടെയുമാലും സന്ദർശകരെ ഡാം സൈറ്റിലേക്ക് കടത്തിവിടുക. ഇതിനായി കൂടുതൽ സെക്യൂരിറ്റി ഗാർഡുകളെ നിയമിച്ചിട്ടുണ്ട്.