
കോട്ടയം : കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും നാടുംനഗരവും ക്രിസ്മസ് ലഹരിയിൽ. ജനത്തിരക്ക് നിയന്ത്രിക്കാൻ എല്ലാ സ്റ്റേഷൻ പരിധികളിലും മൊബൈൽ, ബൈക്ക് പട്രോളിംഗ് ശക്തിപ്പെടുത്തി. അത്യാവശ്യ സ്ഥലങ്ങളിൽ പിക്കറ്റുകൾ ഏർപ്പെടുത്തി. തെരുവിലും കടകളിലും സൂപ്പർമാർക്കറ്റുകളിലും എല്ലാം ക്രിസ്മസ് ആവേശമായി..
കേക്കും വൈനും ഗ്രൈ ഫ്രൂട്ട്‌സ് അടങ്ങിയ ഗിഫ്റ്റ് പായ്ക്കറ്റുകൾക്കാണ് ആവശ്യക്കാർ. വസ്ത്രശാലകൾ, ബേക്കറികൾ,ഇറച്ചിവില്പനശാല എന്നിവിടങ്ങളിലെല്ലാം തിരക്കായിരുന്നു. പടക്ക വിപണിയും സജീവമായിരുന്നു. സ്ഥിരമുള്ള പടക്കക്കടകൾക്ക് പുറമേ പ്രത്യേക സ്റ്റാളുകളുമുണ്ടായിരുന്നു. തിരി കൊളുത്തിയാൽ തുടരെ പൊട്ടുന്ന പടക്കങ്ങൾക്കാണ് ആവശ്യക്കാരേറെ. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ക്രിസ്മസ് സ്‌പെഷ്യൽ ഇളവുകളും ആവേശം പകരുന്നു. തിരക്ക് നിയന്ത്രിക്കാൻ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തി. വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. കായൽ ടൂറിസം ആസ്വദിക്കാൻ ധാരാളം പേരാണ് അന്യ സംസ്ഥാനത്ത് നിന്ന് എത്തിയിരിക്കുന്നത്. ഹൗസ്‌ബോട്ട് മേഖലയ്ക്ക് പൊലീസിന്റെ പ്രത്യേക നിർദ്ദേശമുണ്ട്. മദ്യപിച്ചു വാഹനമോടിക്കുന്നത് തടയാൻ പരിശോധന ശക്തമാക്കിയിട്ടുണ്ട്.