vel

കോട്ടയം : ഇടതുമുന്നണി സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽപ്പെടുത്തി വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്.എൻ.എൽ) ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതോടെ പ്രവർത്തനം നിലച്ച വെള്ളൂരിൽ നിന്ന് വർഷങ്ങൾക്ക് ശേഷം വെള്ള പുക ഉയരുന്നതിന്റെ ആഹ്ലാദത്തിലാണ് കോട്ടയം. എച്ച്.എൻ.എൽ ഏറ്റെടുക്കുന്നതിനുള്ള പുനരുദ്ധാരണ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതിയിലുള്ള കിൻഫ്രയുടെ പദ്ധതിയാണ് അംഗീകരിച്ചത്. പ്രായോഗികമല്ലെന്ന് കണ്ട് സൺ പേപ്പേഴ്സിന്റെ പദ്ധതി രേഖ തള്ളിയിരുന്നു.

142 കോടി രൂപയുടെ പുതുക്കിയ ഏറ്റെടുക്കൽ പദ്ധതി എച്ച്.എൻ.എൽ വില്പനയ്ക്കായി കോടതി നിയോഗിച്ച റസല്യൂഷൻ പ്രൊഫഷണൽ (ആർ.പി) കുമാർ രാജന് കിൻഫ്ര സമർപ്പിച്ചു. 360 കോടിയായിരുന്നു കടങ്ങൾ വീട്ടി കമ്പനി ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്. 133 കോടി രൂപ കിൻഫ്ര വാഗ്ദാനം ചെയ്തെങ്കിലും തുക അപര്യാപ്തമായതിനാൽ കൂട്ടി തരണമെന്ന് ആർ.പി ആവശ്യപ്പെട്ടതോടെ അ‌ഞ്ചുശതമാനം (9 കോടി ) കൂട്ടിനൽകാൻ സർക്കാർ അനുമതി നൽകി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ അടുത്ത മാർച്ചിന് മുമ്പ് സർക്കാർ ഏറ്റെടുക്കുമെന്ന് ഉറപ്പായി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാരിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നായിരിക്കും എച്ച്.എൻ.എൽ ഏറ്റെടുക്കൽ.

ന്യൂസ് പ്രിന്റിനു പുറമേ റബർ പാർക്കും

ഉടമസ്ഥാവകാശം കിൻഫ്രയ്ക്ക് ലഭിച്ചാൽ കമ്പനി ലാഭത്തിലെത്തിക്കുന്നതിന് മറ്റു അനുബന്ധ വ്യവസായങ്ങളും തുടങ്ങും. 700 ഏക്കർ വരുന്ന സർക്കാർ സ്ഥലത്ത് റബർ പാർക്കിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഉത്പാദന ക്ഷമത കൂടിയ യന്ത്രങ്ങൾ സ്ഥാപിച്ച് ന്യൂസ് പ്രിന്റ് ഫാക്ടറി ആധുനികവത്കരിക്കും.

മൊത്തം ബാദ്ധ്യത : 360 കോടി

ബാങ്കുകൾക്ക് നൽകാനുള്ളത് : 200 കോടി

 സർക്കാരിന് : 100 കോടി

 ജീവനക്കാരുടെ ചെലവ് : 60 കോടി

തൊഴിലാളികൾ

സ്ഥിരം തൊഴിലാളികൾ : 1,453

അ​​നു​​ബ​​ന്ധ​​ തൊഴിലാളികൾ : 5,000