കാഞ്ഞിരപ്പള്ളി: പ്രശ്നങ്ങൾക്ക് നടുവിലാണ് കാഞ്ഞിരപ്പള്ളി. സർവമേഖലയിലും കാഞ്ഞിരപ്പള്ളിക്ക് ആവശ്യങ്ങളേറെ. അത് പരാതിയായി കാഞ്ഞിരപ്പള്ളിക്കാർ പലവട്ടം പറഞ്ഞുകഴിഞ്ഞു. പുതിയ ജനപ്രതിനിധികളറിയാൻ കാഞ്ഞിരപ്പള്ളിയുടെ ആവശ്യങ്ങൾ നാട്ടുകാർ ഒരിക്കൽകൂടി ആവർത്തിക്കുകയാണ്.

നഗരത്തിന് ഇപ്പോഴാവശ്യം വീതികൂടിയ പാതകളും, കുടിവെള്ളവും, പ്രവർത്തനക്ഷമമായ കംഫർട്ട് സ്റ്റേഷനും, വാഹന പാർക്കിംഗിനായി ഒരു സ്ഥിരം സംവിധാനവുമൊക്കെയെന്ന് കാഞ്ഞിരപ്പള്ളിക്കാർ ഒരേസ്വരത്തിൽ പറയുന്നു.ഗതാഗത കുരുക്കാണ് മറ്റൊരു തലവേദന. മിനി ബൈപ്പാസ് നിർമ്മാണം പൂർത്തിയായാൽ ഈ വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാവുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

കുടിവെള്ളം മുട്ടിക്കരുത്

നഗരം നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ് കുടിവെള്ളക്ഷാമം. വേനൽക്കാലമെത്തിയാൽ പൂതക്കുഴി കുടിവെള്ളപദ്ധതി ഒഴികെ മറ്റൊരു കുടിവെള്ളപദ്ധതിയും കാര്യക്ഷമമല്ല. ഇത് മൂലം വേനൽക്കാലമെത്തിയാൽ കുടിവെള്ള ടാങ്കറുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നഗരവാസികൾ. പ്രശ്നപരിഹാരമുണ്ടാവണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

തുറക്കാൻ വൈകരുത്

പ്രവർത്തനക്ഷമമായ ഒരു കംഫർട്ട് സ്റ്റേഷൻ കാഞ്ഞിരപ്പള്ളിയിൽ നിലവിലില്ല. 'ലോക് ഡൗൺ കാലത്ത് അടച്ച 'ബസ് സ്റ്റാന്റിലുള്ള കംഫർട്ട് സ്റ്റേഷൻ ഇന്നേവരെ തുറന്നിട്ടില്ല. ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന്റെ കാര്യത്തിൽ തീരുമാനം വൈകരുതെന്ന് കാഞ്ഞിരപ്പള്ളിക്കാർ ഒരേസ്വരത്തിൽ പറയുന്നു.