
അടിമാലി: അടിമാലി ടൗൺ കേന്ദ്രീകരിച്ച് സാനിറ്ററി കോംപ്ളക്സ് അനിവാര്യം എന്ന ആവശ്യത്തിന് ശക്തിയാർജ്ജിക്കുന്നു.മൂന്നാറിന്റെ പ്രവേശനകവാടമായ അടിമാലിയിൽ ആധുനിക രീതിയിലുള്ള സാനിറ്ററി കോപ്ലംക്‌സ് നിർമ്മിക്കണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്.പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുന്നതിനും വിശ്രമിക്കുന്നതിനും സാദ്ധ്യമാകും വിധം സാനിറ്ററി കോപ്ലംക്‌സ് നിർമ്മിച്ചാൽ പ്രദേശവാസികൾക്കും സഞ്ചാരികൾക്കും ഒരേ പോലെ പ്രയോജനപ്രദമാകുമെന്നതിനൊപ്പം അടിമാലിയുടെ വികസനത്തിനും ആക്കം കൂട്ടും.കൊച്ചി -ധനുഷ്‌ക്കോടി ദേശിയപാതയിൽ കോതമംഗലം പിന്നിട്ടാൽ മൂന്നാർ എത്തുന്നിടം വരെ യാത്രകാർക്ക് സാനിറ്ററി കോംപ്ലക്‌സ് ഉപയോഗിക്കാൻ ലഭ്യമല്ല.അടിമാലി ബസ് സ്റ്റാൻഡും ചീയപ്പാറയും ഉൾപ്പെടെയുള്ള ഇടങ്ങളിൽ ചെറിയ ശുചിമുറികൾ ഉണ്ടെങ്കിലും സഞ്ചാരികളുടെ തിരക്കേറിയാൽ ഇത് ഉപയോഗിക്കുന്നതിന് പരിമിതികൾ ഉണ്ട്.ഈ സാഹചര്യത്തിൽ പലപ്പോഴും സഞ്ചാരികൾ സ്വകാര്യ ഹോട്ടലുകളെ ആശ്രയിക്കുകയാണ് പതിവ്.ഇത്തരം പ്രശ്‌നങ്ങൾക്കുള്ള പരിഹാരമെന്നവണ്ണമാണ് അടിമാലി കേന്ദ്രീകരിച്ച് ആധുനിക രീതിയിൽ ഉള്ള സാനിറ്ററി കോപ്ലക്‌സ് നിർമ്മിക്കാൻ ഇടപെടൽ വേണമെന്ന ആവശ്യമുയർന്നിട്ടുള്ളത്.