പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ അധികാരമേൽക്കുന്ന പുതിയ ഭരണസമിതിക്ക് മുമ്പിൽ ഒരു പിടി ആവശ്യങ്ങളുമായി പ്രതീക്ഷയോടെ ജനം. പഞ്ചായത്താകെ വീടുകളിൽ കുടിവെള്ളം എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതും പ്രഥമപരിഗണന നൽകേണ്ടതുമായ കാര്യം. വരുംമാസങ്ങൾ കടുത്ത വരൾച്ചയുടേയും രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്റേയും കാലമാണ്. കരിമ്പുകയം പദ്ധതിവഴിയുള്ള ജലവിതരണം എല്ലാ ഭാഗത്തും എത്തുന്നില്ല. പൈപ്പ്‌ ലൈനുള്ള പ്രദേശങ്ങളിൽ കൃത്യമായി വെള്ളം കിട്ടുന്നുമില്ല. പൈപ്പിൽ വെള്ളമില്ലെങ്കിൽ ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കാനുള്ള സംവിധാനം ഒരുക്കണം. പ്രധാന ജംഗ്ഷനുകളിൽ പൊതു ടാപ്പുകൾ സ്ഥാപിക്കണം. ഓരോ വീടുകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും പുതിയ മെമ്പർമാർ തയ്യാറാകണമെന്നാണ് എല്ലാവർക്കും പറയാനുള്ളത്.

ഗ്രാമീണറോഡുകളുടെ ഇരുവശങ്ങളിലും വളരുന്ന കാടുകൾ വെട്ടിത്തെളിച്ച് അവിടെ പച്ചക്കറി കൃഷിയിറക്കണം. പരിപാലനം അതാതു പ്രദേശങ്ങളിലെ ജനകീയ കൂട്ടായ്മയെ ഏല്പിക്കണമെന്നും ആദായം അർഹതയുള്ളവർക്ക് നൽകണമെന്നുമാണ് വിവിധ സ്വാശ്രയസംഘങ്ങൾ ആവശ്യപ്പെടുന്നത്. തോട്ടുപുറമ്പോക്കുകൾ കൈയേറി തോടുകൾ ഇല്ലാതാക്കുന്നത് കർശനമായി തടയണം. ഇതുവരെ പലരും കൈയേറിയ പുറമ്പോക്കുഭൂമി തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് 1, 20 വാർഡുകളിലെ വോട്ടർമാരുടെ ആവശ്യം.

നാട്ടുകാരുടെ വിവിധ ആവശ്യങ്ങൾ

ഗ്രാമീണറോഡുകൾ സഞ്ചാരയോഗ്യമാക്കണം

തെളിയാത്ത വഴിവിളക്കുകൾ തെളിയിക്കണം

കോളനികളിലേക്കുമുള്ള നടപ്പാതകൾ നവീകരിക്കണം
ആരും പട്ടിണി കിടക്കുന്ന അവസ്ഥ ഉണ്ടാകരുത്

പകർച്ചവ്യാധിമുക്ത പഞ്ചായത്താക്കി മാറ്റണം

പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തണം


സ്വാതന്ത്ര്യസമര സ്മാരകം പൂർത്തിയാക്കണം
രാജേന്ദ്രമൈതാനത്ത് നിർമ്മിക്കുന്ന സ്വാതന്ത്ര്യസമരസ്മാരകം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് നഗരത്തിലെ വ്യാപാരികളും ഓട്ടോ-ടാക്‌സി തൊഴിലാളികളും ആവശ്യപ്പെട്ടു. കഴിഞ്ഞ 25 വർഷമായി പറഞ്ഞുകേൾക്കുന്ന പുതിയ ബസ് സ്റ്റാൻഡ് എന്ന നിർദ്ദേശം ഇക്കുറിയെങ്കിലും നടപ്പാക്കണം. നഗരപരിധിക്കുള്ളിൽ പ്രധാനപാതകളിൽ വെയിറ്റിംഗ് ഷെഡ്ഡുകളും അവയോട് ചേർന്ന് കംഫർട്ട് സ്റ്റേഷനുകളും സ്ഥാപിക്കണമെന്ന് സ്വകാര്യബസ് ഉടമകളും ജീവനക്കാരും ആവശ്യപ്പെട്ടു. പൊൻകുന്നം പട്ടണത്തിലൂടെ കടന്നുപോകുന്ന പ്രധാന പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെറുപാതകൾ നവീകരിച്ച് ബൈപാസ് റോഡുകളാക്കിമാറ്റി ടൗണിലെ തിരക്കു കുറയ്ക്കാൻ നടപടിയുണ്ടാകണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.